അപകടമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബിയില്‍ 4 ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ മുഴുവന്‍ നഷ്ടവും തിരിച്ചുപിടിച്ച് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ DFM ജനറല്‍ ഇന്‍ഡക്സ് യുദ്ധത്തിന് മുമ്പുള്ള നിലവാരത്തേക്കാള്‍ ഉയര്‍ന്ന നിലയിലെത്തി. നവംബറില്‍ മാത്രം ഏകദേശം 14 ശതമാനത്തിന്റെ മുന്നേറ്റമാണ് വിപണി രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 1.4 ശതമാനം ഉയര്‍ന്ന് സൂചിക 6,575 പോയിന്റിനടുത്തെത്തി. ഫെബ്രുവരി 27ന് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന വ്യാപാരദിനത്തില്‍ രേഖപ്പെടുത്തിയ 6,503.50 പോയിന്റിനേക്കാള്‍ ഉയര്‍ന്ന നിലയാണിത്. യുദ്ധത്തിന്റെ തുടക്കത്തില്‍ മാര്‍ച്ച് മധ്യത്തോടെ സൂചിക ഏകദേശം 19 ശതമാനം ഇടിഞ്ഞിരുന്നു. ഒക്ടോബര്‍ 23ന് 5,707 പോയിന്റിനടുത്തെത്തിയ വിപണി പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒക്ടോബറിലെ താഴ്ന്ന നിലയില്‍നിന്ന് ഏകദേശം 15 ശതമാനമാണ് ഇപ്പോഴത്തെ മുന്നേറ്റം.
നവംബറിലെ നേട്ടം 2020 ഏപ്രിലിനുശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ പ്രകടനവുമാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ വിപണികളിലൊന്നായിരുന്ന ദുബൈ ഇപ്പോള്‍ ഒമാന്‍ പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ഓഹരികളാണ് വിപണിയുടെ തിരിച്ചുവരവിന് പ്രധാന കരുത്തായത്. ദുബൈ ഇസ്ലാമിക് ബാങ്ക് തിങ്കളാഴ്ച ഏകദേശം 11 ശതമാനവും വ്യാഴാഴ്ച 10 ശതമാനത്തോളവും ഉയര്‍ന്നു. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിനെ ഏറ്റെടുക്കാനുള്ള ധാരണയും ശ്രദ്ധേയമായി. എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ആദ്യ ഒന്‍പത് മാസത്തെ നികുതിക്ക് മുമ്പുള്ള ലാഭം 18 ശതമാനം ഉയര്‍ന്ന് 19.8 ബില്യണ്‍ ദിര്‍ഹമായി. വരുമാനം 13 ശതമാനം വര്‍ധിച്ച് 37.5 ബില്യണ്‍ ദിര്‍ഹത്തിലെത്തി. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് എമാര്‍ ഓഹരികള്‍ 33 ശതമാനം ഉയര്‍ന്നു. അല്‍ദാറിന്റെ ഓഹരികള്‍ 28 ശതമാനം നേട്ടമുണ്ടാക്കി. കമ്പനിയുടെ ആദ്യ ഒന്‍പത് മാസത്തെ അറ്റാദായം 19 ശതമാനം വര്‍ധിച്ച് 7.1 ബില്യണ്‍ ദിര്‍ഹമായി. എമിറേറ്റ്സ് എന്‍ബിഡിയുടെ ആദ്യ ഒന്‍പത് മാസത്തെ ലാഭം 19.3 ബില്യണ്‍ ദിര്‍ഹത്തിലെത്തി. വായ്പാ വളര്‍ച്ച ഈ വര്‍ഷം 15 മുതല്‍ 20 ശതമാനം വരെയായിരിക്കുമെന്നാണ് പ്രമുഖ യുഎഇ ബാങ്കുകളുടെ വിലയിരുത്തല്‍.