സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) കമാന്‍ഡര്‍ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൈനിക സഹകരണത്തെക്കുറിച്ചും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാഅദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹമദ് അല്‍-റുവൈലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ബ്രാഡ് കൂപ്പര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരനുമായും പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. സൗദിയും യു.എസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ സാധ്യതകള്‍, പശ്ചിമേഷ്യന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള വഴികള്‍, ഇരുരാജ്യങ്ങള്‍ക്കും പൊതുവായ താല്പര്യമുള്ള മറ്റ് സുപ്രധാന വിഷയങ്ങള്‍ എന്നിവയാണ് ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.