അവധി കഴിഞ്ഞ് നാട്ടില് നിന്ന് സൗദിയിലെത്തി: മലയാളി നഴ്സ് ജിദ്ദയില് പോലീസ് പിടിയില്

ഷാര്ജ: 45ാമത് ഷാര്ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബര് 4ന് തുടക്കമാകും. നവംബര് 15 വരെ എക്സ്പോ സെന്റര് ഷാര്ജയില് നടക്കുന്ന മേളയില് 124 രാജ്യങ്ങളില്നിന്നായി 2,673 പ്രസാധകരും പ്രദര്ശകരും പങ്കെടുക്കും. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ (കഥകളാല് രൂപപ്പെട്ടവര്) എന്നതാണ് ഈ വര്ഷത്തെ പ്രമേയം. 106 എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും പങ്കെടുക്കുന്ന മേളയില് 1,500 സാംസ്കാരിക, സര്ഗാത്മക, കലാപരിപാടികളാണ് ഒരുക്കുന്നത്. ഒമാനാണ് ഇത്തവണ അതിഥി രാജ്യം. ഒമാന്റെ സാഹിത്യവും പൈതൃകവും സാംസ്കാരിക പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. ഷാര്ജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാര്ത്താസമ്മേളനത്തിലാണ് മേളയുടെ വിശദാംശങ്ങള് പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങളില്നിന്ന് 1,151 പ്രസാധകരും മറ്റു രാജ്യങ്ങളില്നിന്ന് 1,122 പ്രസാധകരുമാണ് പങ്കെടുക്കുന്നത്. വിവിധ ഭാഷകളിലുള്ള സാഹിത്യം, ശാസ്ത്രം, കുട്ടികളുടെ പുസ്തകങ്ങള് തുടങ്ങി വൈവിധ്യമാര്ന്ന വിഷയങ്ങളിലെ പുസ്തകങ്ങള് പ്രദര്ശനത്തിനുണ്ടാകും.
കഥകളിലൂടെ തലമുറകളെ ബന്ധിപ്പിക്കുന്നു
വായിക്കുന്നതും കേള്ക്കുന്നതും തലമുറകളിലൂടെ കൈമാറുന്നതുമായ കഥകള് മനുഷ്യരുടെ ഓര്മകളെയും വ്യക്തിത്വത്തെയും ലോകത്തെ മനസ്സിലാക്കുന്ന രീതിയെയും രൂപപ്പെടുത്തുന്നുവെന്ന ആശയമാണ് ഈ വര്ഷത്തെ പ്രമേയത്തിന്റെ കാതലെന്ന് ഷാര്ജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിന് റക്കാദ് അല് അമേരി പറഞ്ഞു. 45 വര്ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും സര്ഗാത്മക പ്രതിഭകളെയും ഒരുമിപ്പിക്കുന്ന വേദിയായി പുസ്തകമേള വളര്ന്നിട്ടുണ്ട്. ഷാര്ജ ഭരണാധികാരി ശൈഖ് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി മുന്നോട്ടുവെച്ച സാംസ്കാരിക ദര്ശനത്തിന്റെ ഭാഗമാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. ഷാര്ജ ബുക്ക് അതോറിറ്റി ചെയര്പേഴ്സണ് ശൈഖ ബുദൂര് ബിന്ത് സുല്ത്താന് അല് ഖാസിമിയുടെ നേതൃത്വത്തില് ആഗോള പ്രസാധന രംഗത്തെ പ്രധാന വേദിയെന്ന നിലയില് മേളയുടെ സ്ഥാനം കൂടുതല് ശക്തമാക്കാനുള്ള പ്രവര്ത്തനങ്ങള് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതിഥിരാജ്യമായി ഒമാന്
യുഎഇയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സാഹോദര്യവും അയല്രാജ്യങ്ങള് തമ്മിലുള്ള സൗഹൃദവും കൂടുതല് ശക്തമാക്കുന്നതിനുള്ള അവസരമാണ് അതിഥിരാജ്യ പദവിയെന്ന് ഒമാന് സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയത്തിലെ വിജ്ഞാനസാംസ്കാരിക വികസന വിഭാഗം അസിസ്റ്റന്റ് ഡയറക്ടര് ജനറലും മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടറുമായ അഹമ്മദ് ബിന് സൗദ് ബിന് നാസര് അല് റവാഹി പറഞ്ഞു.
ഒമാന്റെ ചരിത്രം, പൈതൃകം, സാഹിത്യ നേട്ടങ്ങള്, സാംസ്കാരിക വ്യക്തിത്വം എന്നിവ പരിചയപ്പെടുത്തുന്ന പരിപാടികളാണ് ഒരുക്കുന്നത്. സാഹിത്യബൗദ്ധിക ചര്ച്ചകള്, കവിതാസായാഹ്നങ്ങള്, ചരിത്രസാംസ്കാരിക പരിപാടികള്, കുട്ടികള്ക്കും യുവാക്കള്ക്കുമുള്ള ശില്പശാലകള് എന്നിവയും ഇതിലുള്പ്പെടും. 50 പ്രതിനിധികള് പങ്കെടുക്കുന്ന ഒമാന് പരിപാടിയില് 41 എഴുത്തുകാരും കവികളും ഉള്പ്പെടും. 15 സാംസ്കാരിക ചര്ച്ചകള്, കുട്ടികള്ക്കായി ആറ് ശില്പശാലകള്, 20 കലാപരിപാടികള് എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്. പരമ്പരാഗത സംഗീതനാടന് കലാപരിപാടികള് ദിവസേന അരങ്ങേറും. ഒമാനി ഭക്ഷണവിഭവങ്ങള് പരിചയപ്പെടുത്തുന്ന പരിപാടികളും ഉണ്ടാകും.
ലോകപ്രശസ്ത എഴുത്തുകാരും ചിന്തകരും
യുഎഇയില്നിന്നുള്ള എഴുത്തുകാരും ചിന്തകരും കവികളും കലാകാരന്മാരും മേളയില് പങ്കെടുക്കും. ഡോ. സുല്ത്താന് അല് അമീമി, അലി അബു അല് റീഷ്, ഡോ. ഹബീബ് ഗുലൂം, ഡോ. ഷിഹാബ് ഘാനം, ഡോ. അഹമ്മദ് അല് ഖൂരി, ഫാത്തിയ അല് നിമര്, ദുബൈ അബുല്ഹൗല്, ആയിഷ സുല്ത്താന്, നാസര് അല് ദാഹിരി തുടങ്ങിയവര് ഇതില്പ്പെടുന്നു. മൊറോക്കന് ഗവേഷകനും അക്കാദമിക വിദഗ്ധനുമായ ഡോ. സഈദ് യക്തീന്, ലെബനീസ് നടനും എഴുത്തുകാരനും സംവിധായകനുമായ റഫീഖ് അലി അഹമ്മദ്, ലെബനീസ് നോവലിസ്റ്റും മാധ്യമപ്രവര്ത്തകയുമായ നജ്വ ബറകത്ത്, സുഡാനീസ് നോവലിസ്റ്റ് ഡോ. അമീര് താജ് അല് സിര്, കുവൈത്ത് എഴുത്തുകാരന് സൗദ് അല് സനൂസി, സിറിയന്കനേഡിയന് എഴുത്തുകാരി സുല്ഫ കത്തൂഹ് എന്നിവരും പങ്കെടുക്കും. അന്താരാഷ്ട്ര അതിഥികളില് അമേരിക്കന് എഴുത്തുകാരിയും വിവര്ത്തകയുമായ ഡെയ്സി റോക്ക്വെല്, അമേരിക്കന്കനേഡിയന് നോവലിസ്റ്റും മാധ്യമപ്രവര്ത്തകനുമായ ജോണ് വെയ്ലന്റ്, ചൈനീസ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലിയു ഷെന്യുന്, ഫിലിപ്പീന് ചരിത്രകാരന് അംബെത്ത് ഒകാംപോ, നൈജീരിയന് എഴുത്തുകാരി ന്നെഡി ഒക്കോറാഫോര്, ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയര് മക്കിന്റോഷ്, ഇന്ത്യന് നടിയും എഴുത്തുകാരിയും ഡിജിറ്റല് ഉള്ളടക്ക സൃഷ്ടാവുമായ ഷെനാസ് ട്രഷറിവാല എന്നിവരുമുണ്ടാകും. കേരള മുഖ്യമന്ത്രി വി.ഡി സതീശന് മേളയില് അതിഥിയായി പങ്കെടുക്കും.
കുട്ടികള്ക്കായി പുതിയ അനുഭവങ്ങള്
വായനയ്ക്കും വിനോദത്തിനുമൊപ്പം കുട്ടികള്ക്ക് പഠനപരമായ അനുഭവങ്ങളും ഒരുക്കുന്നുണ്ട്. സന്ദര്ശകര്ക്ക് അവരുടെ ജീവിതാനുഭവങ്ങളും കഥകളും അറബിയിലും ഇംഗ്ലീഷിലും കവിതകളാക്കി മാറ്റാന് അവസരമൊരുക്കുന്ന ‘പോയറ്റ്സ് കോര്ണര്’ ഇത്തവണത്തെ പ്രത്യേക ആകര്ഷണമാണ്. വിവിധ തൊഴില്മേഖലകള് പരിചയപ്പെടുത്തുന്നതിനായി കുട്ടികള്ക്കായി ‘ഫ്യൂച്ചര് ഹാന്ഡ്സ് ഡിസ്ട്രിക്റ്റ്’ എന്ന സംവേദനാത്മക പഠനനഗരവും ഒരുക്കും.
കൂടാതെ മൂന്ന് പ്രധാന വേദി പരിപാടികളും അരങ്ങേറും. നവംബര് 7ന് ‘വെന് മെമ്മറീസ് സിങ്’ എന്ന സംഗീതാവിഷ്കാരത്തിന്റെ പ്രത്യേക പ്രദര്ശനം നടക്കും. തലമുറകളുടെ ഓര്മകളില് ഇടംപിടിച്ച ബാല്യകാല ഗാനങ്ങളും ശബ്ദങ്ങളും പരിപാടിയില് പുനരാവിഷ്കരിക്കും. നവംബര് 8ന് അബ്ദുല്ല അന്നാന് അവതരിപ്പിക്കുന്ന ‘ഇംപോസിബിള് ഓര് സയന്സ്?!’ എന്ന കുടുംബപരിപാടിയില് ദൃശ്യവിസ്മയങ്ങളും ശാസ്ത്രീയ പരീക്ഷണങ്ങളും ഉള്പ്പെടും. കുട്ടികള്ക്കും കുടുംബങ്ങള്ക്കും പരിപാടിയില് സജീവമായി പങ്കെടുക്കാം. നവംബര് 14, 15 തീയതികളില് എക്സ്പോ സെന്ററിലെ ഔട്ട്ഡോര് വേദിയില് ‘വാട്ടര്ലാന്ഡ്’ എന്ന നാടകാവിഷ്കാരവും അരങ്ങേറും.
എഴുത്തിനും അഭിനയത്തിനും പ്രത്യേക ശില്പശാലകള്, പ്രസാധക സമ്മേളനം, നവംബര് 7 മുതല് ത്രില്ലര് ഫെസ്റ്റിവല്, ക്രൈംമിസ്റ്ററി നോവലിസ്റ്റുകള്, സാഹിത്യ ഏജന്റുമാര്, തിരക്കഥാകൃത്തുകള് തുടങ്ങി 12ലധികം വിദഗ്ധര് പങ്കെടുക്കും. മുന് പൊലീസ് ഉദ്യോഗസ്ഥ കൂടിയായ ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയര് മക്കിന്റോഷ്, അമേരിക്കന് എഴുത്തുകാരി കാരന് ഡിയോണ്, ബ്രിട്ടീഷ് എഴുത്തുകാരിയും മാധ്യമപ്രവര്ത്തകയുമായ എലിസബത്ത് മൂര് എന്നിവരാണ് പ്രധാന അതിഥികള്. വസീം ഖാന്, അബിര് മുഖര്ജി, ഡേവിഡ് ഫെനല് തുടങ്ങിയവരും പങ്കെടുക്കും. അറബ് ലോകത്തുനിന്ന് ഈജിപ്ഷ്യന് നോവലിസ്റ്റ് നോഹ ദാവൂദ്, എമിറാത്തി എഴുത്തുകാരനും സംവിധായകനുമായ ഇബ്രാഹിം അല് മര്സൂഖി, എഴുത്തുകാരന് ആദില് അല് സുമൈതി എന്നിവരും ഫെസ്റ്റിവലിന്റെ ഭാഗമാകും.
സന്ദര്ശകര്ക്കായി ഗതാഗത സൗകര്യങ്ങള്
മേളയിലെത്തുന്നവര്ക്കായി കൂടുതല് പാര്ക്കിങ് സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഒരുക്കുന്നതിനായി ഷാര്ജ ബുക്ക് അതോറിറ്റി ഷാര്ജ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുമായി സഹകരിച്ച് പ്രവര്ത്തിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള് വരും ദിവസങ്ങളില് പ്രഖ്യാപിക്കും.
