ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

ദുബൈ: ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനുമായി ദുബൈയിലെ സ്കൂളുകള്‍ക്ക് ക്ലാസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം മാറ്റാന്‍ അനുമതി നല്‍കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. എന്നാല്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതിന് കെഎച്ച്ഡിഎയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. വിദ്യാര്‍ഥികളുടെ ക്ഷേമം ഉറപ്പാക്കുകയും രക്ഷിതാക്കളുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്യുന്ന സ്കൂളുകള്‍ക്കാണ് സമയക്രമം മാറ്റാന്‍ അനുമതി നല്‍കുക. കെഎച്ച്ഡിഎ ഡയറക്ടര്‍ ജനറല്‍ ഐഷ മിറാന്‍ വ്യാഴാഴ്ച ദുബൈയില്‍ നടന്ന മീഡിയ മജ്ലിസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സ്കൂളുകള്‍ക്കും ഒരേ സമയം പ്രായോഗികമല്ല
ദുബൈയിലെ വിവിധ സ്കൂളുകളില്‍ വ്യത്യസ്ത കരിക്കുലങ്ങളും പാഠ്യേതര പ്രവര്ത്തനങ്ങളുമുള്ളതിനാല് എല്ലാ സ്കൂളുകള്‍ക്കും ഒരേ സമയക്രമം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഐഷ മിറാന്‍ പറഞ്ഞു. ചില സ്കൂളുകള്‍ ഇതിനകം ഘട്ടംഘട്ടമായുള്ള ആരംഭ സമയങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ കെഎച്ച്ഡിഎ ഇടപെട്ട് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ നടക്കുകയോ സൈക്കിളിലോ സ്കൂട്ടറിലോ സ്കൂളിലെത്തണം
വിദ്യാര്‍ഥികളുടെ യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് Dubai Education Masterplan വഴി പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഐഷ മിറാന്‍ പറഞ്ഞു. കുട്ടികള്‍ സാധ്യമാകുന്നിടത്ത് നടന്നോ സൈക്കിളിലോ സുരക്ഷിതമായ സ്കൂട്ടറുകളിലോ സ്കൂളിലെത്തുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി. സ്വകാര്യ വാഹനമോ സ്കൂള്‍ ബസോ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്കും അതിനുള്ള സൗകര്യങ്ങള്‍ തുടരും. ദുബൈയിലെ 20 മിനിറ്റ് നഗരമെന്ന ആശയവുമായി ഇത് ബന്ധപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. നഗരത്തിലെ പ്രധാന ആവശ്യങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാകുന്ന രീതിയിലുള്ള നഗരവികസനമാണ് ലക്ഷ്യം.
ഹൈബ്രിഡ് സ്കൂളുകള്‍ക്ക് ഇതുവരെ അനുമതിയില്ല
കാമ്പസിലെ നേരിട്ടുള്ള പഠനത്തോടൊപ്പം വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനവും ഉള്‍പ്പെടുന്ന ഹൈബ്രിഡ് സ്കൂള്‍ മാതൃകക്ക് നിലവില്‍ കെഎച്ച്ഡിഎ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പുതിയ വിദ്യാഭ്യാസ മാതൃകകളും ലൈസന്‍സിങ് സംവിധാനങ്ങളും സംബന്ധിച്ച് അധികൃതര്‍ പഠനം നടത്തിവരികയാണ്. കുട്ടികളുടെ സുരക്ഷ, അക്കാദമിക നിലവാരം, ക്ഷേമം, വ്യക്തിത്വ വികസനം എന്നിവ ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍ക്കായിരിക്കും മുന്‍ഗണന.