ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച ഹൈഡ്രജന്‍ ട്രെയിന്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഹരിയാനയിലെ ജിങ് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 9മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്യും. 10 കോച്ചുകളുള്ള ഈ ട്രെയിന്‍ (74010) സര്‍വീസ് ആരംഭിക്കുന്നതോടെ, ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ സര്‍വീസ് ആരംഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. ജപ്പാന്, ജര്‍മനി, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതിനകം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ബ്രോഡ് ഗേജ് പാതയില്‍ സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജന്‍ ട്രെയിനുകളില്‍ ഒന്നാണ് ഇത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 200 സ്കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ജിന്ദില്‍ നിന്ന് പാണ്ഡു പിന്ദാര സ്റ്റേഷനിലേക്കുള്ള യാത്ര നടത്തുമെന്നാണ് അറിയുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പൈതൃക റെയില്‍പാതകള്‍, മലനിരകളിലെ പാതകള്‍, വൈദ്യുതീകരണം പ്രായോഗികമല്ലാത്ത മറ്റ് റൂട്ടുകള്‍ എന്നിവയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ഓരോ ട്രെയിനിനും ഏകദേശം 80 കോടി ചെലവും ഓരോ റൂട്ടിലെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി അധിക ചെലവും പ്രതീക്ഷിക്കുന്നു. 2030ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിക്കാനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനെ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൈലറ്റ് പദ്ധതി വിജയിച്ചാല്‍ നീലഗിരി, ദാര്‍ജിലിംഗ്, കാങ്ഗ്ര തുടങ്ങിയ പൈതൃകമലനിര റൂട്ടുകളിലും ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കും.
ട്രെയിന്‍ 1,200 കിലോവാട്ട് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനവും വായുവിലെ ഓക്സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഇതിലൂടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നു. ഈ പ്രക്രിയയില്‍ പുറത്തുവരുന്നത് ജലബാഷ്പവും ചൂടും മാത്രമാണ്. അതിനാല്‍ പരിസ്ഥിതി മലിനീകരണം വളരെ കുറവാണ്. ട്രെയിനില്‍ Proton Exchange Membrane Fuel Cell (PEMFC)ഉം ലിഥിയം ബാറ്ററിയും ചേര്‍ന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ ഡീസലിനേക്കാള്‍ ഉയര്‍ന്ന ഊര്ജസാന്ദ്രതയുള്ളതിനാല് കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും. ട്രെയിനില്‍ ഏകദേശം 440 കിലോഗ്രാം ഹൈഡ്രജന്‍ സംഭരിക്കും. ഇത് മുന്‍വശത്തും പിന്‍വശത്തുമായി സ്ഥാപിച്ച 27 ഉയര്‍ന്ന മര്‍ദ്ദ സിലിണ്ടറുകളിലാണ് സൂക്ഷിക്കുന്നത്. ട്രെയിനിന് ഒരു തവണ ഇന്ധനം നിറച്ചാല്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുന്ന സെന്‍സറുകള്‍, തീ കണ്ടെത്തുന്ന സംവിധാനങ്ങള്‍, 24 മണിക്കൂറും റീഫ്യൂവലിംഗ് നിരീക്ഷണം, പ്രത്യേക പരിശീലനം നേടിയ ജീവനക്കാര്‍, ഹൈഡ്രജന്‍ സംഭരണത്തിനുള്ള ലൈസന്‍സ്, ജര്‍മന്‍ കമ്പനിയുടെ അന്താരാഷ്ട്ര സുരക്ഷാ വിലയിരുത്തല്‍ തുടങ്ങിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്.