ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

ദുബൈ: യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ തുടരുന്ന ബുദ്ധിമുട്ടുകള്‍ക്കും അടുത്തിടെയുണ്ടായ പാസ്പോര്‍ട്ട് ഫീസ് വര്‍ദ്ധനവിനും ശാശ്വത പരിഹാരം കാണണമെന്ന് യുഎഇയിലെ പ്രവാസി ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. യുഎഇയിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സേവനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച പാസ്പോര്‍ട്ട് സേവന ഫീസ് വര്‍ദ്ധനവിനും ഇടയിലാണ് ഈ ആവശ്യങ്ങള്‍ ഉയരുന്നത്. ഒരു മാസത്തോളമായി കോണ്‍സുല്‍ സേവനങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍, പ്രത്യേകിച്ച് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ പെട്ടെന്നുള്ള മാറ്റങ്ങളാണ് യുഎഇയിലെ 45 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യന്‍ സമൂഹം പ്രതിസന്ധി നേരിടുന്നത്. സേവന ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ തിടുക്കം കൂട്ടിയ സര്‍ക്കാര്‍ സേവനങ്ങളിലെ പ്രതിസന്ധി പരിഹരിക്കാനാവാതെ കുഴയുകയാണ്. ജൂണ്‍ 30ന് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് മുന്‍ സേവനദാതാക്കളായ ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെയും എസ്ജിഐവിഎസ് ഗ്ലോബല്‍ സര്‍വീസസിന്റെയും സേവനങ്ങള്‍ അവസാനിപ്പിച്ച്, ഏകീകൃത ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ നടത്തുന്നതിനുള്ള പുതിയ കരാര്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ലിമിറ്റഡിന് നല്കാന് ഇന്ത്യന്‍ മിഷനുകള്‍ തീരുമാനിച്ചിരുന്നു. കൈമാറ്റ കാലയളവില്‍ പ്രവാസികള്‍ക്ക് എംബസി/കോണ്‍സുലേറ്റ് വഴി അടിയന്തര സേവനങ്ങള്‍ മാത്രമായി ചുരുങ്ങി. കരാര്‍ ലഭിച്ച അല്‍ഹിന്ദ് ടൂര്‍ ആന്റ് ട്രാവല്‍സ് കമ്പനി ജൂലൈ 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓഫീസുകളും മറ്റും കൃത്യമായി പൂര്‍ത്തിയാക്കിയിരുന്നു. മിക്ക സര്‍വീസ് നല്കാന് തയ്യാറായ അല്‍ഹിന്ദിന്റെ സേവനം പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാത്തിരുന്നത്. എന്നാല്‍ കരാറില്‍ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ചില ഉത്തരേന്ത്യന്‍ കമ്പനികള്‍ ഡല്‍ഹി ഹൈക്കാടതിയില്‍ പരാതി നല്‍കിയതോട പ്രവര്‍ത്തനം മുടങ്ങുകയും പിന്നീട് കോടതി കരാര്‍ റദ്ദാക്കുകയും ചെയ്തു. ജൂലൈ 1ന് പദ്ധതിയിട്ടതുപോലെ 16 ഐസിഎസികള്‍ (ICACs) തുറക്കാന്‍ അല്‍ഹിന്ദിന് കഴിയാതെ വരികയും ചെയ്തതോടെ, ആയിരക്കണക്കിന് അപേക്ഷകര്‍ക്ക് നേരിട്ട് ഇന്ത്യന്‍ മിഷനുകളിലേക്ക് പോകേണ്ടി വന്നു. സേവനങ്ങള്‍ ആദ്യമായി ഔട്ട്സോഴ്സ് ചെയ്ത് 17 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. കോണ്‍സുലാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള പല പ്രഖ്യാപനങ്ങളും നിയമമാറ്റങ്ങളും ഉണ്ടായെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചയായി മിഷനുകള്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഔട്ട്സോഴ്സ് ചെയ്ത സേവനദാതാക്കള്‍ നേരത്തെ ഈടാക്കിയിരുന്ന അധിക ഫീസുകളൊന്നും കൂടാതെയാണ് ഇപ്പോള്‍ സേവനങ്ങള്‍ നല്‍കുന്നത്. കൂടാതെ കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ പിന്തുണയോടെ കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുകയും ടെന്റുകള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പോലെയുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ വഴിയും മിഷനുകള്‍ കോണ്‍സുലാര്‍ അറ്റസ്റ്റേഷന് സേവനങ്ങള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും, പല പ്രവാസികള്‍ക്കും ഇപ്പോഴും ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ദുബൈയില്‍. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് വരുന്നവര്‍ക്കുള്ള സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.
കോടതി വിധി അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നു
അല്‍ഹിന്ദിന് നല്കിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും ഒരു മാസത്തിനകം പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ ഉത്തരവിടുകയും ചെയ്തതോടെ കോണ്‍സുലാര്‍ സേവനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ദ്ധിച്ചു. ഇടക്കാലയളവില്‍ നിലവിലുള്ള സേവനദാതാക്കളെ തുടരാന്‍ അനുവദിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിഷനുകളുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് പ്രവാസികള്‍. ജൂലൈ 15 ബുധനാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവ് യുഎഇക്ക് മാത്രമുള്ളതായിരുന്നില്ല. കുവൈത്ത്, സിംഗപ്പൂര്‍, കാന്‍ബെറ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലെ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി പുതിയ ടെന്‍ഡറുകള്‍ വിളിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, ബിഎല്‍എസ് ഇന്റര്‍നാഷണലും എസ്ജിഐവിഎസ് ഗ്ലോബല്‍ സര്‍വീസസും യുഎഇയില്‍ തിരികെ വരുമോ അതോ ജൂലൈ 2 മുതല്‍ ചെയ്തതുപോലെ മിഷനുകള്‍ നേരിട്ട് സേവനങ്ങള്‍ തുടരുമോ എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കോടതി വിട്ടുകൊടുത്തു.
ആശങ്കകള്‍ ഉന്നയിച്ച് പ്രവാസി സംഘടനകള്‍
സേവനങ്ങളിലെ ഭരണപരമായ മാറ്റങ്ങള്‍ക്കൊപ്പം പാസ്പോര്‍ട്ട് ഫീസിലുണ്ടായ വന്‍ വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്കകളും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. അപ്പോയിന്റ്മെന്റുകള്‍ ലഭിക്കുന്നതിലെ കാലതാമസവും പാസ്പോര്‍ട്ട് ലഭിക്കാനെടുക്കുന്ന നീണ്ട കാത്തിരിപ്പും ഉള്‍പ്പെടെ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന നിരന്തരമായ പ്രശ്നങ്ങള്‍ ദുബൈ കെഎംസിസിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി എടുത്തുകാട്ടി. ഇവയെല്ലാം യാത്രാ പദ്ധതികളെയും തൊഴില്‍, വിദ്യാഭ്യാസം, കുടുംബ സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ശ്രമങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ, വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങളുടെയും വിപുലമായ സേവന സൗകര്യങ്ങളുടെയും ആവശ്യകത സംഘടന ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന വേനല്‍ക്കാലത്ത്. അപ്പോയിന്റ്മെന്റ് കാലതാമസം കുറയ്ക്കുന്നതിനും പാസ്പോര്‍ട്ട് വിതരണം വേഗത്തിലാക്കുന്നതിനും ദശലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വേഗമേറിയതും സുതാര്യവും ഉപയോക്തൃ സൗഹൃദവുമായ പാസ്പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അതിനിടെ, പാസ്പോര്‍ട്ട് സേവനങ്ങളുമായും ഫീസുകളുമായും ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി യുഎഇയില്‍ താമസിക്കുന്ന കേരളത്തിലെ 100ലധികം കോളേജുകളിലെ അലുമ്നി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പ് അക്കാഫ് അംഗങ്ങളില്‍ നിന്ന് 1,200ലധികം ഒപ്പുകള്‍ ശേഖരിച്ചതായി അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി. ജോസഫ് പറഞ്ഞു. നിരവധി പ്രവാസി സംഘടനകളും വ്യക്തികളും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.