ഗസ്സ പദ്ധതിയെ ഇസ്രാഈല്‍ തുരങ്കം വെക്കുന്നതിനെതിരെ അറബ്-മുസ്ലിം രാജ്യങ്ങള്‍

അബുദാബി: ഗസ്സയില്‍ സമാധാനം ഉറപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമഗ്ര പദ്ധതിയുടെ റോഡ്മാപ്പ് ഇസ്രാഈല്‍ തള്ളിയതിനെതിരെ യുഎഇ, ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, തുര്‍ക്കി, പാകിസ്താന്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803 അംഗീകരിച്ച ട്രംപിന്റെ പദ്ധതിയുടെ ഭാഗമായ റോഡ്മാപ്പിനെയാണ് ഇസ്രാഈല്‍ എതിര്‍ക്കുന്നത്. കൂടാതെ ഫലസ്തീന് രാഷ്ട്ര രൂപീകരണത്തോടുള്ള ഇസ്രാഈലിന്റെ എതിര്‍പ്പിനെയും വിദേശകാര്യ മന്ത്രിമാര്‍ അപലപിച്ചു.
ഇസ്രാഈലിന്റെ നിലപാട് സമാധാന പദ്ധതി തകര്‍ക്കാനും നീതിപൂര്‍വവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനും ഇടയാക്കുമെന്ന് എട്ട് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സയിലെ സമാധാനശ്രമങ്ങള്‍ തടസ്സപ്പെടുന്ന പക്ഷം അതിന്റെ ഉത്തരവാദിത്തം ഇസ്രാഈലിനായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാസങ്ങളായുള്ള മധ്യസ്ഥശ്രമങ്ങള്ക്കൊടുവിലാണ് റോഡ്മാപ്പ് തയ്യാറാക്കിയത്. ഫലസ്തീന് വിഭാഗങ്ങള്‍ റോഡ്മാപ്പ് അംഗീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. റോഡ്മാപ്പില്‍ ആയുധങ്ങള്‍ നിയന്ത്രണവിധേയമാക്കുക, ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക, അന്താരാഷ്ട്ര സ്ഥിരതാസേനയെ വിന്യസിക്കുക, ഗാസയുടെ ഭരണാധികാരം നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്ട്രേഷന് ഓഫ് ഗാസയ്ക്ക് കൈമാറുക, ഗാസയുടെ പുനര്‍നിര്‍മാണം ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. ട്രംപിന്റെ സമാധാനശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ഇസ്രയേല്‍ പദ്ധതിയിലെ വ്യവസ്ഥകളും ധാരണകളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അമേരിക്ക സജീവമായി ഇടപെടണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനുമായി പദ്ധതിയുടെ പൂര്‍ണവും അടിയന്തരവുമായ നടപ്പാക്കല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം, ഫലസ്തീന് രാഷ്ട്ര രൂപീകരണം തടയാനുള്ള ഏകപക്ഷീയ നടപടികളെ അവര്‍ തള്ളിക്കളഞ്ഞു. 1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി, കിഴക്കന്‍ ജറുസലേം തലസ്ഥാനമായ സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരമാണ് സ്ഥിരമായ സമാധാനത്തിനുള്ള ഏക മാര്‍ഗമെന്നും അവര്‍ വ്യക്തമാക്കി. ഗസ്സ സമാധാന പദ്ധതിയുടെ റോഡ്മാപ്പ് നടപ്പാക്കുന്നതിലും ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിലും Board of Peace നിര്‍ണായക പങ്ക് വഹിക്കണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ നടപ്പാക്കല്‍ തടയാന്‍ ഏതെങ്കിലും കക്ഷി ശ്രമിക്കുന്നത് തടയാന്‍ അമേരിക്കയുടെ പിന്തുണയോടെ ബോര്‍ഡ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.