ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

മസ്കത്ത്: ഒമാന്‍ തീരത്ത് എണ്ണച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിപണിയിലെത്തുന്ന മത്സ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന ശക്തമാക്കി. മത്സ്യത്തൊഴിലാളികളും ഉപയോക്താക്കളും ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഒമാന്‍ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന് കീഴിലെ Food Saftey and Qualtiy Cetnre വിവിധ വിപണികളില്‍ നിന്ന് മത്സ്യ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒമാനിലെ റാസ് മദ്രകാ പ്രദേശത്തെ കടല്‍ത്തീരങ്ങളില്‍ എണ്ണ മലിനീകരണം കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. എണ്ണപ്പാളി തീരപ്രദേശത്ത് ഏകദേശം 40 കിലോമീറ്റര്‍ വരെ വ്യാപിക്കാനും മസീറ ദ്വീപിന്റെ തെക്കന്‍ തീരങ്ങളിലേക്കും എത്താനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഓഗസ്റ്റ് 6നാണ് കരോലിന് ബെസങ്കി എന്ന എണ്ണക്കപ്പല്‍ ഒമാനിലെ അല്ഖിബ്ലിയ ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട് ഭാഗികമായി മുങ്ങിയത്. ഇത് അല്‍ ഹല്ലാനിയാത്ത് ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. തുടര്‍ന്ന് കപ്പലില്‍ നിന്ന് എണ്ണ ചോര്‍ന്നതായി സ്ഥിരീകരിക്കുകയും പരിസ്ഥിതിക്കും പൊതുസുരക്ഷയ്ക്കും ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
കടലില്‍ എണ്ണപ്പാളി, അസാധാരണ ഗന്ധം, വെള്ളത്തിന്റെയോ സമുദ്രജീവികളുടെയോ സ്വഭാവത്തില്‍ ശ്രദ്ധേയമായ മാറ്റം എന്നിവ കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികളോടും കടല്‍ സഞ്ചാരികളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാണുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനും കപ്പലിന്റെ ഘടന സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും കപ്പലിനുള്ളിലെ ചോര്‍ച്ച നിയന്ത്രിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭാഗികമായി മുങ്ങിയ ടാങ്കര്‍ കപ്പലിന് 274.48 മീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയുമുണ്ട്. അറബിക്കടലില്‍ ഒമാന്റെ തെക്കുകിഴക്കന്‍ തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള അഞ്ച് ദ്വീപുകളുടെ കൂട്ടമാണ് അല്‍ ഹല്ലാനിയാത്ത്. സമ്പന്നമായ സമുദ്രജീവജാലങ്ങള്‍, പവിഴപ്പുറ്റുകള്‍, കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍, അപൂര്‍വ പക്ഷികള്‍ എന്നിവയുടെ ആവാസകേന്ദ്രമായതിനാല്‍ പ്രദേശത്തിന് വലിയ പരിസ്ഥിതി പ്രാധാന്യമുണ്ട്.