വിമാനവാഹിനി അബ്രഹാം ലിങ്കനെ തിരിച്ചുവിളിക്കുന്നു; മിഡില്‍ ഈസ്റ്റിലേക്ക് പുതിയ യുഎസ് വിമാനവാഹിനിക്കപ്പല്‍

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന യു.എസ്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കനെ തിരിച്ചു വിളിക്കുന്നു. പകരം വിമാനവാഹിനിയായ ജോര്‍ജ് വാഷിംഗ്ടനെ മിഡില്‍ ഈസ്റ്റിലേക്ക് അയക്കും. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നടപടിയാണെന്നും അമേരിക്ക വ്യക്തമാക്കി. നിലവില്‍ അബ്രഹാം ലിങ്കണ് കപ്പലിലുള്ള നാവികരുടെ കുടുംബങ്ങള്‍ കപ്പലിലെ താമസസാഹചര്യങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ‘തെറ്റായി അവതരിപ്പിക്കപ്പെട്ടതാണ്’ എന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് പ്രതികരിച്ചു.
അതേസമയം, ഇറാനെ സാമ്പത്തികമായി കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനായി ഇതുവരെ കണ്ടിട്ടില്ലാത്ത നടപടികള്‍ അമേരിക്ക സ്വീകരിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. അടുത്ത ആഴ്ച ഇതിനുസംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ന്യൂസ്മാക്സിനോട് പറഞ്ഞു. ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദം ചെലുത്തുന്നത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധ നടപടികള്‍ തുടരുമെന്നും, അതിനാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം ഇപ്പോഴും സാധാരണ നിലയിലേക്കെത്തിയിട്ടില്ലെന്നും ബെസന്റ് സൂചിപ്പിച്ചു.
നിലവില്‍ മിഡില്‍ ഈസ്റ്റില്‍ നങ്കൂരമിട്ടിരിക്കുന്ന അബ്രഹാം ലിങ്കന് വിമാനവാഹിനി കപ്പലിലെ നാവികര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ കടലില്‍ ചാടാന്‍ ശ്രമിച്ചതായും കുടുംബങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കപ്പലിനെ തിരിച്ചുവിളിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്