ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

ദുബൈ: യുഎഇയിലെ ടൂറിസം-വിനോദ മേഖലയില്‍ നടപ്പുവര്‍ഷം വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലായി പുതിയ മെഗാ പദ്ധതികളും ബീച്ച് ഡെസ്റ്റിനേഷനുകളും വിനോദ കേന്ദ്രങ്ങളും മറൈന്‍ വില്ലേജുകളും ഒരുങ്ങുകയാണ്. അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും സുസ്ഥിര വികസനവും ശക്തിപ്പെടുത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
അബുദാബിയില്‍ $1.7 ബില്യണ്‍ ‘സ്പിയര്‍’
യാസ് ഐലന്‍ഡില്‍ $1.7 ബില്യണ്‍ ചെലവില്‍ ‘സ്പിയര്‍ അബുദാബി’ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അമേരിക്ക
ക്ക് പുറത്തുള്ള ആദ്യ സ്പിയര്‍ വേദിയാണിത്. യാസ് മാളിനും സീ വേള്‍ഡ് അബുദാബിക്കും ഇടയിലായി ഉയരുന്ന കേന്ദ്രത്തില്‍ 20,000 പേര്‍ക്ക് ഒരേസമയം പ്രവേശിക്കാനാകും. ഇമ്മേഴ്സീവ് അനുഭവങ്ങള്‍, സംഗീത പരിപാടികള്‍, കായിക മത്സരങ്ങള്‍, കോണ്‍ഫറന്‍സുകള്‍, മറ്റ് വലിയ ഇവന്റുകള്‍ എന്നിവ ഇവിടെ സംഘടിപ്പിക്കും. ഇമാറാത്തി സംസ്കാരവും പ്രാദേശിക, അറബ് കലാകാരന്മാരെയും അവതരിപ്പിക്കുന്നതിനും വേദിയൊരുക്കും. യാസ് ഐലന്‍ഡില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 12 ബില്യണ്‍ ദിര്‍ഹത്തിലധികം നിക്ഷേപിക്കാനും മിറാല്‍ പദ്ധതിയിടുന്നുണ്ട്. തീം പാര്‍ക്കുകളും നിലവിലുള്ള ആകര്‍ഷണങ്ങളും വിപുലീകരിക്കുന്നതിനൊപ്പം പുതിയ റൈഡുകളും ഇമ്മേഴ്സീവ് അനുഭവങ്ങളും പദ്ധതിയുടെ ഭാഗമാണ്.
ദുബൈയില്‍ അല്‍ ലയാന് ഒയാസിസ്
ദുബൈയില്‍ ഒരു ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അല്‍ ലയാന് ഒയാസിസ് പദ്ധതി ഒരുങ്ങുന്നു. ഇതില്‍ 2.5 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള തടാകവും ഉള്‍പ്പെടും. നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും കുടുംബങ്ങള്‍ക്കും പരിപാടികള്‍ക്കുമുള്ള മേഖലകളും ഓപ്പണ്‍ എയര്‍ സിനിമയും ക്യാമ്പിങ് സൗകര്യങ്ങളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും പദ്ധതിയുടെ ഭാഗമാണ്. 100 കാരവാനുകള്‍ക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. അതേസമയം, 500 മില്യണ്‍ ദിര്‍ഹം ചെലവില്‍ ഉമ്മു സുഖീം ബീച്ച് സമഗ്ര ടൂറിസംവിനോദ കേന്ദ്രമായി പുനര്വികസിപ്പിക്കുകയാണ്. ബീച്ചിന്റെ വാര്‍ഷിക സന്ദര്‍ശക ശേഷി ഏകദേശം 60 ലക്ഷമായി ഉയര്‍ത്തും. 38 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ ഗോപുരവും രണ്ട് കിലോമീറ്റര്‍ നീളമുള്ള തീരസംരക്ഷണ ഭിത്തിയും പദ്ധതിയിലുണ്ട്. നടത്തത്തിനും സൈക്ലിങ്ങിനുമുള്ള ട്രാക്കുകളും പാര്‍ക്കിങ് സൗകര്യങ്ങളും മെച്ചപ്പെടുത്തും. സൗകര്യങ്ങളുടെ പരിപാലനത്തില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കും.
ഖോര്‍ഫക്കാനില്‍ മറൈന്‍ വില്ലേജ്
ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ അബു അല്‍ കൈസന്‍ മറൈന്‍ വില്ലേജ് പദ്ധതിക്ക് ഈ വര്‍ഷം തറക്കല്ലിട്ടു. ഏഴ് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പദ്ധതി തീരദേശ ഗ്രാമങ്ങളുടെ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്യുന്നത്. പാറകള്‍ക്കിടയില്‍ ഒരുക്കുന്ന പ്രകൃതിദത്ത ചെറിയ തുറമുഖം, ബീച്ച്, ബൊളിവാര്‍ഡ്, ഹരിതമേഖലകള്‍, ഹോട്ടല്‍, വാണിജ്യഓഫീസ് കേന്ദ്രങ്ങള്‍, താമസ യൂണിറ്റുകള്‍, പള്ളി എന്നിവ പദ്ധതിയുടെ ഭാഗമാണ്. ചുറ്റുമുള്ള പ്രകൃതിയും സമുദ്രജീവജാലങ്ങളും സംരക്ഷിക്കുന്ന രീതിയിലാണ് വികസനം. ഖോര്‍ഫക്കാനില്‍ 700 മില്യണ്‍ ദിര്‍ഹത്തിന്റെ ഖോര്ഫക്കാന് റിസോര്‍ട്ടും ഒരുക്കും. 573 താമസ യൂണിറ്റുകള്‍, 16 റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ജിം, ഒരു ലക്ഷം ചതുരശ്ര അടി ഹരിതമേഖല, നീന്തല്‍ക്കുളങ്ങള്‍, കുട്ടികള്‍ക്കായുള്ള വിനോദ സൗകര്യങ്ങള്‍, സ്വകാര്യ ബീച്ച്, ഹോട്ടല്‍ സേവനങ്ങള്‍ എന്നിവ റിസോര്‍ട്ടിലുണ്ട്.
റാസല്‍ഖൈമയില്‍ അല്‍ റംസ് വാട്ടര്‍ഫ്രണ്ട്
റാസല്‍ഖൈമയില്‍ അല്‍ റംസ് വാട്ടര്‍ഫ്രണ്ട്, അല്‍ റംസ് ബൊളിവാര്‍ഡ് പദ്ധതികളുടെ വികസനം ആരംഭിച്ചു. 2,000 മീറ്റര്‍ നീളുന്ന വാട്ടര്‍ഫ്രണ്ടില്‍ നടത്തം, സൈക്ലിങ്, ജോഗിങ് ട്രാക്കുകള്‍, പാര്‍ക്കിങ്, ഹരിതമേഖലകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, പൊതുപരിപാടികള്‍ക്കുള്ള പ്ലാസകള്‍ എന്നിവ ഒരുക്കും.
പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ യുഎഇയിലെ ടൂറിസം മേഖലയില്‍ വിനോദം, പ്രകൃതി, സംസ്കാരം, ബീച്ച് ടൂറിസം, കുടുംബ വിനോദം, ആഡംബര താമസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ലഭ്യമാകും. അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും ശക്തിപ്പെടുത്തുകയെന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.