ഇറാന് യുദ്ധകാലത്ത് താമസക്കാര് യുഎഇയെ അനുകൂലിച്ചത് പണം നല്കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

പട്ടികയില് ഇടംപിടിച്ച് ഏഴ് മലയാളികള്; ഗള്ഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയില് ശക്തമായ മലയാളി സാന്നിധ്യം
ദുബൈ: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡില് ഈസ്റ്റ് പുറത്തുവിട്ട 2026ലെ ടോപ്പ് ഹെല്ത്ത്കെയര് ലീഡേഴ്സ് പട്ടികയില് മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും. ആസ്റ്റര് ഡി.എം ഹെല്ത്ത്കെയര് ഫൗണ്ടര് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, ബുര്ജീല് ഹോള്ഡിങ്സ് ഫൗണ്ടറും ചെയര്മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര് വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്റെ മുന്പന്തിയില്. മിഡില് ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെല്ത്ത്കെയര് സ്ഥാപകരിലാണ് ഇവരുടെ ഇടം. ആരോഗ്യമേഖലയിലെ വളര്ച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഫൗണ്ടര്, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായി റാങ്കിങ് പ്രഖ്യാപിച്ചത്.
സ്ഥാപകരുടെ വിഭാഗത്തില് മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പന്. 1987ല് ദുബായില് ഒരു ചെറിയ ക്ലിനിക്കില് തുടങ്ങി, മിഡില് ഈസ്റ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലകളിലൊന്നായി ആസ്റ്റര് ഡി.എം ഹെല്ത്ത്കെയറിനെ വളര്ത്തിയെടുത്തത് ഡോ.മൂപ്പനാണ്. ഗള്ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററില് 65,000ത്തിലധികം ജീവനക്കാര് ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോര്ട്ടില് പറയുന്നു. ജി.സി.സിയില് 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാര്മസികളും ആസ്റ്ററിന് കീഴിലുണ്ട്. ഈ വര്ഷം ആദ്യം യു.എ.ഇയില് പ്രഖ്യാപിച്ച 272.3 ദശലക്ഷം ഡോളറിന്റെ പുതിയ പദ്ധതികളും, സൗദി അറേബ്യയിലെ 250 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതികളും ഗ്രൂപ്പിന്റെ വിപുലീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമാണ്.
പട്ടികയില് നാലാം സ്ഥാനത്താണ് ബുര്ജീല് ഹോള്ഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീര് വയലില്. 2007ല് അബുദാബിയില് ബുര്ജീല് ഹോള്ഡിങ്സ് സ്ഥാപിച്ച അദ്ദേഹം ചെയര്മാന് പദവിക്ക് പുറമെ കഴിഞ്ഞ വര്ഷം ഡിസംബറില് സി.ഇ.ഒ പദവിയും ഏറ്റെടുത്തിരുന്നു. യു.എ.ഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയില് 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേര് ജോലി ചെയ്യുന്ന ബുര്ജീല് ഹോള്ഡിങ്സ് പ്രതിവര്ഷം ഏഴു ദശലക്ഷത്തിലധികം രോഗികള്ക്കാണ് സേവനം നല്കുന്നത്. മിഡില് ഈസ്റ്റില് പ്രവര്ത്തനം കൂടുതല് വിപുലീകരിക്കാനായി നിരവധി പദ്ധതികളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
പട്ടികയില് മികച്ച മലയാളി സാന്നിധ്യം
ഫൗണ്ടര്മാരുടെ പട്ടികയില് മറ്റ് മുന്നിര മലയാളി സംരംഭകരും സജീവ സാന്നിധ്യമായുണ്ട്. അബീര് മെഡിക്കല് ഗ്രൂപ്പ് ഫൗണ്ടറും ചെയര്മാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങല് പട്ടികയില് 40-ാം സ്ഥാനത്താണ്. 1999ല് ജിദ്ദയില് ഒരു പോളിക്ലിനിക്കായി തുടങ്ങിയ അബീര് ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, മറ്റ് ഗള്ഫ് രാജ്യങ്ങള്, ഇന്ത്യ എന്നിവിടങ്ങളിലായി 50 ലധികം സ്ഥാപനങ്ങളുള്ള വന് ശൃംഖലയായി മാറിക്കഴിഞ്ഞു. 33 ഹോള്ഡിങ്സ് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മിയാന്ദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഖത്തറിലെ നസീം ഹെല്ത്ത്കെയറിലൂടെയുള്ള ആരോഗ്യ സേവനങ്ങള്ക്ക് പുറമെ, മെഡ്ടെക്, ഹെല്ത്ത്കെയര് ഇന്നൊവേഷന്, എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകള് എന്നിവയിലെ സംഭാവനകളും ഫോബ്സ് റിപ്പോര്ട്ടില് വിലയിരുത്തുന്നു. ഡോ. സണ്ണി ഹെല്ത്ത് കെയര് ഗ്രൂപ്പ് ഫൗണ്ടറും ചെയര്മാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്. 1990ല് ഷാര്ജയിലെ ഒരു ക്ലിനിക്കില് നിന്ന് തുടക്കമിട്ട അദ്ദേഹത്തിന്റെ ഹെല്ത്ത്കെയര് ടെക്നോളജി, ഹോം ഹെല്ത്ത്കെയര് മേഖലകളിലെ മുന്നേറ്റങ്ങള് ശ്രദ്ധേയമാണ്.
ഫോബ്സ് മിഡില് ഈസ്റ്റിന്റെ പ്രത്യേക ഹെല്ത്ത്കെയര് എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രൊഫഷണലുകള് ഇടംപിടിച്ചിട്ടുണ്ട്. ആസ്റ്റര് ഹോസ്പിറ്റല്സ് ആന്ഡ് ക്ലിനിക്സിന്റെ യു.എ.ഇ, ഒമാന്, ബഹ്റൈന് മേഖലകളിലെ ഗ്രൂപ്പ് സി.ഇ.ഒ ഷെര്ബാസ് ബിച്ചു 17ാം സ്ഥാനത്താണ്. മെഡ്കെയര് ഹോസ്പിറ്റല്സ് ആന്ഡ് മെഡിക്കല് സെന്റേഴ്സ് ഗ്രൂപ്പ് സി.ഇ.ഒ ഷാനില ലൈജു 64ാം സ്ഥാനത്തും. കമ്പനിയുടെ വലുപ്പം, വരുമാനം, ആസ്തികള്, വ്യവസായ രംഗത്തെ സ്വാധീനം, നേതൃപാടവം, നവീകരണം, സമീപകാല നേട്ടങ്ങള്, പ്രവര്ത്തനങ്ങളിലെ വൈവിധ്യം, സുതാര്യത, സി.എസ്.ആര് തുടങ്ങിയ മാനദണ്ഡങ്ങള് അടിസ്ഥാനമാക്കിയാണ് ഫോബ്സ് ഈ റാങ്കിങ് തയ്യാറാക്കിയത്. രണ്ട് വ്യത്യസ്ത പട്ടികകളിലായി ഏഴ് മലയാളി ഹെല്ത്ത്കെയര് ലീഡര്മാര് ഇടംപിടിച്ചത് മിഡില് ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയുടെ വളര്ച്ചയില് മലയാളി സംരംഭകരും ഉന്നത ഉദ്യോഗസ്ഥരും വഹിക്കുന്ന സുപ്രധാന പങ്കിന് തെളിവാണ്.