ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

മലപ്പുറം: നഗരം സമഗ്ര മാറ്റത്തിനൊരുങ്ങുന്നു. ജില്ലാ ആസ്ഥാനമെന്ന നിലയില്‍ മലപ്പുറം സിറ്റി വികസിപ്പിക്കും. മലപ്പുറത്ത് നിന്നും വേങ്ങര, കോട്ടക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകള്‍ക്ക് വീതികൂട്ടി ഗതാഗതം സുഗമമാക്കും. ഈ പാതകളെ ഡിസൈന്‍ റോഡുകള്‍ ആക്കി മാറ്റുന്നതിനൊപ്പം റോഡിന്റെ ഇരുവശങ്ങളും സൗന്ദര്യവത്കരിച്ച് മാതൃകാ റോഡാക്കി മാറ്റും. നഗരത്തില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ’ (City Improvement Project) രണ്ടാംഘട്ട അവലോകന യോഗം നാളെ (വെള്ളിയാഴ്ച, ജൂലൈ 17) മലപ്പുറത്ത് ചേരും. രാവിലെ 10:30 മുതല്‍ 11:30 വരെ മലപ്പുറം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലാണ് യോഗം. വ്യവസായ ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീര്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് വിനോദ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മലപ്പുറം മുന്‍സിപ്പല്‍ ചെയര്മാന്, പൂക്കോട്ടൂര്‍, മൊറയൂര്‍, കോടൂര് എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കാളികളാകും.
മലപ്പുറം നഗരത്തിലേക്കുള്ള പ്രധാന റോഡുകളുടെ വികസനമാണ് യോഗത്തിലെ മുഖ്യ അജണ്ട. ഇതില്‍ അങ്ങാടിപ്പുറം മുതല്‍ രാമനാട്ടുകര വരെയുള്ള ദേശീയപാതയുടെ വികസനം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്ക് രൂപകല്‍പ്പന ചെയ്യും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള കൃത്യമായ പദ്ധതിയും ഇതിന്റെ ഭാഗമായി തയ്യാറാക്കും.
റവന്യൂ ടവറും വിപുലമായ മാസ്റ്റര്‍ പ്ലാനും
റോഡ് വികസനത്തിന് പുറമെ മലപ്പുറം സിവില്‍ സ്റ്റേഷന്റെ സമഗ്രമായ നവീകരണവും പദ്ധതിയിലുണ്ട്. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിനകത്ത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയില്‍ വിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ ‘റവന്യൂ ടവര്‍’ നിര്‍മ്മിക്കും. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന 40 ഏക്കറോളം സ്ഥലം കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തും. വിശാലമായ റോഡുകളും ആവശ്യമായ എല്ലാ ഭൗതികസാഹചര്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഈ പുനഃക്രമീകരണം നടത്തുന്നത്.
മലപ്പുറം നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാംഘട്ട യോഗം നേരത്തെ തിരുവനന്തപുരത്ത് വെച്ച് ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി പ്രദേശത്ത് വെച്ച് തന്നെ രണ്ടാംഘട്ട യോഗം ചേരുന്നത്. യോഗത്തിന് ശേഷം മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മലപ്പുറം സിവില്‍ സ്റ്റേഷന് കോമ്പൗണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളും നേരിട്ട് സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രായോഗിക വശങ്ങള് വിലയിരുത്തും.