അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായ ആക്രമണം; യുഎഇ നിലപാടില്‍ മാറ്റമില്ലെന്ന് ഗര്‍ഗാഷ്

അബുദാബി: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായി ആക്രമണം നേരിടേണ്ടിവന്നാലും യുഎഇയുടെ സന്തുലിത നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. പ്രതിരോധം, നയതന്ത്രം, അന്താരാഷ്ട്ര നിയമത്തോടുള്ള പ്രതിബദ്ധത എന്നീ മൂന്ന് തൂണുകളെ അടിസ്ഥാനമാക്കിയുള്ള നയമാണ് യുഎഇ തുടരുകയെന്ന് ഗര്‍ഗാഷ് ശനിയാഴ്ച എക്സില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും കടന്നുപോകാനുമുള്ള അവകാശം അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി യുഎഇ സംരക്ഷിക്കുമെന്നും അതോടൊപ്പം രാജ്യത്തിന്റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംവാദത്തിനും നയതന്ത്രപരമായ പരിഹാരങ്ങള്‍ക്കുമാണ് യുഎഇ ഇപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും ഗര്‍ഗാഷ് വ്യക്തമാക്കി.
പ്രാദേശിക സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത നിലപാടിന്റെ പ്രാധാന്യവും ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷയും ഗള്‍ഫ് രാജ്യങ്ങളുടെ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രധാന ഘടകമായി ജിസിസിയുടെ പൊതുനിലപാട് ശക്തിപ്പെടുത്താന്‍ യുഎഇ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഡ്നോകിന്റെ റിപ്പോര്‍ട്ട് പ്രകാരം, സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന 15 അഡ്നോക് കപ്പലുകള്‍ക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇതില്‍ ഒരു ജീവനക്കാരന് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.