അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായ ആക്രമണം; യുഎഇ നിലപാടില്‍ മാറ്റമില്ലെന്ന് ഗര്‍ഗാഷ്

ദുബൈ: ആകാശത്ത് 13,000 അടി ഉയരത്തില്‍ ഇന്ത്യന്‍ പതാക പറത്തി പ്രവാസികളായ 3 യുവാക്കള്‍ക്ക് ലോക റെക്കോര്‍ഡ് നേട്ടം. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇവര്‍ അഭിമാനമായി മാറിയത്. ലിബിയയിലെ ബെംഗാസിക്ക് മുകളിലാണ് 13,000 അടി ഉയരത്തില്‍ നിന്ന് സ്കൈഡൈവ് ചെയ്ത് ഇന്ത്യന്‍ ത്രിവര്‍ണ പതാക വിടര്‍ത്തിയ സംഘം ലോക റെക്കോര്‍ഡ് നേട്ടത്തിന്റെ ഭാഗമായത്. കണ്ണൂര്‍ സ്വദേശിയായ ജംഷീര്‍ താനലോട്ട്, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശി അഭിഷേക് റാവത്ത്, ബിഹാറിലെ പട്ന സ്വദേശിനി ഇഷ രാജ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഓഗസ്റ്റ് ഏഴിന് നടന്ന മത്സരത്തില്‍ 38 രാജ്യങ്ങളില്‍ നിന്നുള്ള 65 സ്കൈഡൈവര്‍മാര്‍ പങ്കെടുത്തു. ചാട്ടത്തില്‍ 35ഓളം വ്യത്യസ്ത രാജ്യങ്ങളുടെ പതാകകള്‍ ആകാശത്ത് പാറി. വലിയ ദേശീയപതാകകള്‍ തുറന്നുപിടിച്ച് സുരക്ഷിതമായി താഴേക്ക് എത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പാരച്യൂട്ടുമായി പതാകയോ അതിന്റെ കയറുകളോ കുരുങ്ങാതിരിക്കുക, മറ്റ് സ്കൈഡൈവര്മാരില് നിന്ന് സുരക്ഷിത അകലം പാലിക്കുക, ഒടുവില്‍ ക്യാമറകള്‍ സ്ഥാപിച്ച നിര്‍ദിഷ്ട മേഖലയില്‍ തന്നെ ലാന്‍ഡ് ചെയ്യുക എന്നിവയായിരുന്നു പ്രധാന വെല്ലുവിളികള്‍.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് റെക്കോര്‍ഡ് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് സ്ഥിരീകരണം ലഭിച്ചതോടെ നേട്ടത്തിന് കൂടുതല്‍ പ്രത്യേകതയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ചതില്‍ അഭിമാനിക്കുന്നതായി ജംഷീര്‍ പറഞ്ഞു. അവസാന ചാട്ടത്തിന് മുമ്പ് വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതാ ചാട്ടങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് റെക്കോര്‍ഡ് ശ്രമത്തിന് അവസരം ലഭിച്ചത്. ചാട്ടത്തിന് തലേദിവസം രാത്രി വെറും മൂന്ന് മണിക്കൂറോളം മാത്രമാണ് ഉറങ്ങാനായതെന്നും തന്റെ സ്മാര്‍ട്ട് വാച്ചിലെ ഉറക്ക സ്കോര്‍ 12 ശതമാനം മാത്രമായിരുന്നുവെന്നും ജംഷീര്‍ പറഞ്ഞു.
2011ല്‍ യുഎഇയിലെത്തിയ കണ്ണൂര്‍ സ്വദേശി ജംഷീറിന്റെ ജീവിതം വ്യത്യസ്തമായൊരു വഴിയിലൂടെയാണ് മുന്നേറിയത്. മാസം 1,200 ദിര്‍ഹം ശമ്പളമുള്ള സെയില്‍സ്മാനായാണ് യുഎഇയിലെ പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് സെയില്‍സ്, സര്‍വീസ് മേഖലകളില്‍ ജോലി ചെയ്ത അദ്ദേഹം ദുബൈയില്‍ സ്വന്തം ഇകൊമേഴ്സ് സംരംഭമായ Jazp.com ആരംഭിച്ചു. ഏകദേശം നാല് വര്‍ഷം മുമ്പാണ് സ്കൈഡൈവിങ് ആരംഭിച്ചത്. യുഎഇക്ക് പുറമെ റഷ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലുമായി ഇതിനകം 320ലേറെ ചാട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന സ്കൈഡൈവിങ് മത്സരത്തില്‍ തന്റെ ടീം സ്വര്‍ണമെഡല്‍ നേടിയതായും ദുബൈയിലെ മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയതായും ജംഷീര്‍ പറഞ്ഞു. യുഎഇ സ്കൈഡൈവര്‍ സെയ്ഫ് മത്താര്‍ ആണ് തന്റെ പരിശീലകനും ടീം മാനേജരുമെന്നും റെക്കോര്‍ഡ് ശ്രമത്തിലേക്ക് തന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്നും ജംഷീര്‍ പറഞ്ഞു. ജംഷീറിനൊപ്പം അബുദാബിയില്‍ താമസിക്കുന്ന അഭിഷേക് റാവത്തും ഇഷ രാജും റെക്കോര്‍ഡ് ശ്രമത്തില്‍ പങ്കെടുത്തു. റാവത്ത് അബുദാബിയിലെ Malaffiയില്‍ Product Design Lead ആയി ജോലി ചെയ്യുന്നു. ഇഷ രാജ് Edelman Smithfieldല്‍ അക്കൗണ്ട് ഡയറക്ടറാണ്. ഇരുവരും പരിചയസമ്പന്നരായ സ്കൈഡൈവര്മാരാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേകം ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല റെക്കോര്‍ഡ് ശ്രമമെന്ന് ജംഷീര്‍ വ്യക്തമാക്കി. എന്നാല്‍ ഓഗസ്റ്റ് 15ന് തൊട്ടുമുമ്പ് ഗിന്നസ് സ്ഥിരീകരണം ലഭിച്ചതോടെ 13,000 അടി ഉയരത്തില്‍ ഇന്ത്യന്‍ പതാക പാറിച്ച നേട്ടം മൂന്ന് യുഎഇ പ്രവാസി ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനത്തിലെ അഭിമാന നിമിഷമായി മാറി.
