കറാമയിലെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന് ദുബൈ പൊലീസ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അബുദാബി: യുഎഇയുടെ വ്യോമയാന ചരിത്രത്തില്‍ പുതിയ നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്സ്. ക്യാപ്റ്റന്‍ ഹുദ അല്‍ മുസല്ലമി രാജ്യത്തെ ആദ്യ ഇമാറാത്തി വനിതാ പൈലറ്റ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വ്യോമയാന കരിയറില്‍ കോപൈലറ്റില്‍ നിന്ന് ക്യാപ്റ്റനായും പിന്നീട് അടുത്ത തലമുറ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ട്രെയിനിംഗ് ക്യാപ്റ്റനായും ഹുദ മുന്നേറി. 2003ലാണ് ഹുദ അല്‍ മുസല്ലമി വ്യോമയാന രംഗത്ത് കരിയര്‍ ആരംഭിച്ചത്. 2014ല്‍ ഇത്തിഹാദ് എയര്വേയ്സില് ചേര്‍ന്നു. 2023ല്‍ ക്യാപ്റ്റന്‍ പദവിയിലെത്തി. 2026ല്‍ സര്‍ട്ടിഫൈഡ് പൈലറ്റ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടി. നിലവില്‍ ബോയിംഗ് 787 പറത്താന്‍ സര്‍ട്ടിഫൈഡ് ആയ ഹുദയ്ക്ക് 10,000ത്തിലധികം മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ട്. എയര്‍ബസ് A330, A340, ബോയിംഗ് 777 എന്നീ വിമാനങ്ങളും അവര്‍ പറത്തിയിട്ടുണ്ട്. വ്യോമയാന മാനേജ്മെന്റില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദവും ഹുദ നേടിയിട്ടുണ്ട്.
ഇനി പുതിയ പൈലറ്റുമാരെ പരിശീലിപ്പിക്കും
ട്രെയിനിംഗ് ക്യാപ്റ്റന്‍ എന്ന നിലയില്‍ വിവിധ ഘട്ടങ്ങളിലുള്ള പൈലറ്റുമാരെ പരിശീലിപ്പിക്കുകയും യോഗ്യത നേടാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് പുതിയ ഉത്തരവാദിത്വം. വ്യത്യസ്ത രാജ്യക്കാരും വ്യത്യസ്ത അനുഭവപരിചയമുള്ളവരുമായ പൈലറ്റുമാരെ ഇതിനകം പരിശീലിപ്പിച്ചുതുടങ്ങി. രണ്ട് പതിറ്റാണ്ടിലേറെ വ്യോമയാനരംഗത്ത് നേടിയ അറിവും അനുഭവവും പുതിയ തലമുറയ്ക്ക് കൈമാറാന്‍ കഴിയുന്നത് തൊഴില്‍പരമായ ഉത്തരവാദിത്വം മാത്രമല്ല, ദേശീയ ഉത്തരവാദിത്വം കൂടിയാണെന്ന് ഹുദ അല്‍ മുസല്ലമി പറഞ്ഞു. ഇത്തിഹാദ് എയര്‍വേയ്സിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ്, ഗവണ്മെന്റ് ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ അഫയേഴ്സ് ഓഫീസര്‍ ഡോ. നാദിയ ബസ്താക്കി, ഹുദയുടെ നേട്ടം കഴിവും നിശ്ചയദാര്‍ഢ്യവും അവസരവും ഒത്തുചേരുമ്പോള്‍ സാധ്യമാകുന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് പറഞ്ഞു. ഇത്തിഹാദിലെ ഇമാറാത്തി ജീവനക്കാരില്‍ 75 ശതമാനം സ്ത്രീകളാണ്. കോക്പിറ്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മേഖലകള്‍ മുതല്‍ ഉയര്‍ന്ന തീരുമാനമെടുക്കല്‍ സ്ഥാനങ്ങള്‍ വരെ അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. യുഎഇ ആഗോള വ്യോമയാന ഹബ്ബായി വളരുന്നതിനിടെ, ഇമാറാത്തി വനിതകള്‍ക്ക് വ്യോമയാനരംഗത്ത് കൂടുതല്‍ നേതൃത്വാവസരങ്ങള് തുറക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഹുദ അല്‍ മുസല്ലമിയുടെ നേട്ടം.
ഫാത്തിമ ബിന്ത് മുബാറക് അക്കാദമി വനിതാ ബാസ്കറ്റ്ബോള്‍ കപ്പ് 31ന് സമാപിക്കും