രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ഗസ്സ: അഞ്ചുവയസ്സുകാരി ഹിന്ദ് റജബിനെ ഗസ്സയില്‍ ഇസ്രയേല്‍ പട്ടാളം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അമ്മ വിസാം ഹമാദ പറയുന്നു. കൊലപാതകത്തില്‍ ഇസ്രയേല്‍ സൈന്യം ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചത് വളരെ വൈകിയ നടപടിയാണെന്ന് ഹിന്ദിന്റെ അമ്മ ചൂണ്ടിക്കാട്ടി. 2024 ജനുവരി 29ന് ഗസ്സ സിറ്റിയില്‍ ഇസ്രയേല്‍ സൈനിക നടപടി നടക്കുന്നതിനിടെ ഹിന്ദും കുടുംബത്തിലെ ആറ് പേരും കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് കണ്ടെത്തിയ കാറില്‍ 335 വെടിയുണ്ടകളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിനെയും ബന്ധുക്കളെയും രക്ഷിക്കാന്‍ പോയ രണ്ട് പലസ്തീന് റെഡ് ക്രസന്റ് പാരാമെഡിക്കുകളും പിന്നീട് കൊല്ലപ്പെട്ടു. ഈ സംഭവം ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാറിലുണ്ടായിരുന്ന കുട്ടികള്‍ രക്ഷിക്കാന്‍ അപേക്ഷിക്കുന്നതിനിടയിലാണ് ഇസ്രയേല്‍ പട്ടാളം തുരുതുരെ വെടിവെച്ചത്. സംഭവത്തിന് 934 ദിവസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത ഹിന്ദിന്റെ അമ്മ പറഞ്ഞു-ഇപ്പോള്‍ അന്വേഷണം ആരംഭിക്കുന്നത് നീതിയല്ല. എനിക്ക് വേണ്ടത് സത്യമാണ്. തന്റെ മകളെ ആരാണ് കൊലപ്പെടുത്തിയതെന്നും, രക്ഷിക്കാനെത്തിയ പാരാമെഡിക്കുകളെ ആരാണ് കൊലപ്പെടുത്തിയതെന്നും അതിന് ഉത്തരവിട്ടത് ആരാണെന്നും അറിയണമെന്നാണ് അമ്മയുടെ ആവശ്യം.
സ്വതന്ത്ര അന്വേഷണം വേണമെന്ന് റെഡ് ക്രസന്റും പറയുന്നു. ഇസ്രയേല്‍ സൈന്യത്തിന് മുന്നില്‍ കാറില്‍ അകപ്പെട്ട പിഞ്ചുബാലിക ഹിന്ദുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്ന ഫലസ്തീന് റെഡ് ക്രസന്റ് പ്രവര്‍ത്തക റാന ഫഖീഹും ഇസ്രയേലിന്റെ പ്രഖ്യാപനം മതിയായ നടപടിയല്ലെന്ന് പറഞ്ഞു. സംഭവത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് റെഡ് ക്രസന്റിന്റെ ആവശ്യം. ഹിന്ദിനെ രക്ഷിക്കാന്‍ പോയ പാരാമെഡിക്കുകളായ അഹ്മദ് അല്‍ മദ്ഹൂനും യൂസഫ് അല്‍ സൈനോയും കൊല്ലപ്പെട്ടതും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഗസ്സയില്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. നിരായുധരും നിരപരാധികളുമായ സ്ത്രീകളെയും കുട്ടികളെയും അറിഞ്ഞുകൊണ്ട് തന്നെ ഇസ്രയേല്‍ പട്ടാളം വെടിയുതിര്‍ക്കുകയാണ്.
ഇത്തരത്തില്‍ ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് 150 സംഭവങ്ങള്‍ സൈനിക പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിച്ചതായി ഇസ്രയേല്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതില്‍ ഹിന്ദ് റജബിന്റെ കൊലപാതകവും 2025 മാര്‍ച്ചിലെ മറ്റൊരു സംഭവത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെട്ടതും കൂടുതല്‍ ക്രിമിനല്‍ അന്വേഷണത്തിന് വിധേയമാക്കും. 2024 ഏപ്രിലില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഏഴ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചന് ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ ആയുധമില്ലാത്തവരായിരുന്നെന്നും അവരുടെ യാത്രയും തിരിച്ചറിയലും ഇസ്രയേല്‍ അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും സംഘടന പറഞ്ഞു. നിരപരാധികളായ ജീവനക്കാരുടെ കൊലപാതകത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാത്തതില്‍ ഓസ്ട്രേലിയയും പ്രതിഷേധിച്ചു. നിലവില്‍ ഹമാസുമായുള്ള യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിന് ശേഷം 1,200ലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
