രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ന്യൂഡല്‍ഹി: ജൂലൈ 20ന് ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ 19കാരനായ സാഹില്‍ ലോച്ചബിന് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് പരിക്കേറ്റെന്ന പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സാഹില്‍ ലോച്ചബിനും മാതാവിനുമൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് വെള്ളിയാഴ്ച രാവിലെ ധര്‍ണ നടത്തിയിരുന്നു. പെല്ലറ്റ് ആക്രമണത്തില്‍ സാഹിലിന്റെ കണ്ണിനും വയറിനും പരിക്കേറ്റതായും, ശരീരത്തില്‍ 200ലേറെ പെല്ലറ്റുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കണ്ണില്‍ മൂന്ന് പെല്ലറ്റുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എയിംസില്‍ സാഹിലിന് ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച ഇപ്പോഴും പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല. രാഹുലും ഒപ്പമുണ്ടായിരുന്നവരും വീട്ടുവീഴ്ചയില്ലാത്ത വിധം ധര്‍ണാ സമരം നടത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. ഒടുവില്‍ പൊലീസ് സാഹിലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റ് ബന്ധപ്പെട്ട രേഖകളും ശേഖരിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച രാവിലെ 11.30ന് പൊലീസ് സ്റ്റേഷനിലെത്തിയെന്നും വൈകിട്ട് ഏകദേശം 6.30ന്, ഏഴ് മണിക്കൂറിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇത് നീതിയിലേക്കുള്ള ആദ്യപടിയാണ്. ഒരു മാസം കഴിഞ്ഞാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്,’ അദ്ദേഹം പ്രതികരിച്ചു. അതേസമയം വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന ആരോപണം ഡല്‍ഹി പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍ അമിതവും അനുപാതവിരുദ്ധവുമായ ബലം പ്രയോഗിച്ചെന്ന ആരോപണം പരിശോധിക്കാന്‍ സുപ്രീം കോടതി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന സംഭവത്തില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ഇനി എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകും.