ഇറാന് യുഎഇക്ക് നേരെ വിക്ഷേപിച്ച മിസൈലുകള്‍ കടലില്‍ പതിച്ചു

ദുബൈ: യുഎഇ ലക്ഷ്യമാക്കി ഇറാനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കടലില്‍ പതിച്ചു. ഇക്കാര്യം യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന്റെ മിസൈല്‍ ഭീഷണി മനസ്സിലാക്കിയ പ്രതിരോധ മന്ത്രാലയം ഉടന്‍ തന്നെ മിസൈല്‍ അലര്‍ട്ട് അയച്ച് രാജ്യത്ത് സംരക്ഷണ കവചം തീര്‍ത്തിരുന്നു. ഇന്ന് രാത്രിയുണ്ടായ മിസൈല്‍ മുന്നറിയിപ്പ് 37 ദിവസങ്ങള്‍ക്ക് ശേഷമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎഇ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ കപ്പലുകള്‍ പലതവണ ആക്രമിക്കപ്പെട്ടു. ഫെബ്രുവരി 28ന് മിഡില്‍ ഈസ്റ്റ് യുദ്ധം ആരംഭിച്ചപ്പോള്‍ യുഎഇ ആയിരുന്നു ഇറാന്റെ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്ന്. ഏകദേശം 3,000 മിസൈലുകളും ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കി ഇറാന് വിക്ഷേപിച്ചിരുന്നു. പ്രതിരോധ സേന തകര്‍ക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഏതാനും പേര് മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎസ്-ഇറാന് യുദ്ധത്തിന് ശേഷം യുഎഇ കനത്ത ജാഗ്രതയിലാണ്. ഏത് ആക്രമണത്തെയും നേരിടാനുള്ള സജ്ജീകരണം സേന ഒരുക്കിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും യുഎഇ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. ജൂണില്‍ യുഎസും ഇറാനും തമ്മില്‍ ധാരണാപത്രം നിലവില്‍ വന്നതിനു ശേഷം ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിലച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് രാത്രി രണ്ട് മിസൈലുകള്‍ യുഎഇ ലക്ഷ്യമാക്കി എത്തിയത്. ഇറാനില്‍ നിന്നുള്ള പുതിയ മിസൈല്‍ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രതിരോധ സേന ഉയര്‍ന്ന ജാഗ്രതയിലാണ്. ഔദ്യോഗിക അറിയിപ്പുകള് മാത്രം പിന്തുടരണമെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.