ഇറാന് യുഎഇക്ക് നേരെ വിക്ഷേപിച്ച മിസൈലുകള്‍ കടലില്‍ പതിച്ചു

അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാനില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ കണ്ടെത്തുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാനില്‍ നിന്ന് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. ഒന്നാമത്തെ മിസൈല്‍ യുഎഇയുടെ പ്രാദേശിക സമുദ്രപരിധിക്ക് പുറത്താണ് പതിച്ചത്. രണ്ടാമത്തെ മിസൈല്‍ യുഎഇയുടെ പ്രാദേശിക സമുദ്രപരിധിക്കുള്ളില്‍ പതിച്ചു. സംഭവത്തില്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തെതുടര്‍ന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഉയര്‍ന്ന ജാഗ്രതയിലാണ്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏത് നടപടിയും ശക്തമായി നേരിടാന്‍ സേന പൂര്‍ണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മിസൈല്‍ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് യുഎഇ നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. സുരക്ഷിതമായ സ്ഥലത്ത് തുടരാനും ജനലുകള്‍, വാതിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ‘സ്ഥിതി സുരക്ഷിതമാണ്’** എന്ന അറിയിപ്പും ലഭിച്ചെങ്കിലും ജാഗ്രത തുടരാനും ഔദ്യോഗിക ചാനലുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ മാത്രം പിന്തുടരാനും അധികൃതര്‍ ആവശ്യപ്പെട്ടു.