ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ഷാര്‍ജ: കുട്ടിക്കാലത്ത് സ്കൂളുകളില്‍ പഠിച്ച ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന കവിതയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് അത് പഠിപ്പിച്ചതെന്ന് കവിയും ഗാനരചയിതാവുമായ പി.കെ ഗോപി. ഈ പാട്ടിന്റെ സാരം അറിയണമെങ്കില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അറിയണമെന്ന് അദ്ദേഹം പറഞ്ഞു. 45 മത് ഷാര്‍ജ അന്തര്‍ദേശിയ പുസ്തകമേളയുടെ ഭാഗമായി ‘കവിത ഒരു ഗാനമായി മാറുമ്പോള്‍’ എന്ന വിഷയത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ പ്രശ്നമായ വിശപ്പാണ് ഈ പാട്ടിലൂടെ കവി അവതരിപ്പിച്ചതെന്ന് വരികള്‍ ചൊല്ലിക്കൊണ്ട് കവി സമര്‍ത്ഥിച്ചു. ഈ പ്രശ്നമാണ് കവിതയില്‍ കൈകാര്യം ചെയ്തതെന്ന കാര്യം എന്തുകൊണ്ടാണ് അധ്യാപകര്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാതിരുന്നതെന്ന് പി കെ ഗോപി ചോദിച്ചു.
ഇത്ര ശക്തമായ കവിതയെ ബാലകവിതയുടെ പട്ടികയില്‍ പെടുത്തി, ചൊല്ലി നാം ഉപേക്ഷിച്ച് കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് അതിനെ നാം ചൊല്ലി സ്വീകരിക്കണമായിരുന്നു, നിര്‍വചിക്കണമായിരുന്നു, നിരൂപണം ചെയ്യണമായിരുന്നു, ഈ കവിതയുടെ ജാലകത്തിലൂടെ സാമൂഹ്യ യാഥാര്‍ഥ്യത്തെക്കുറിച്ച് പഠിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്ക കറുത്ത നിറമുള്ള പക്ഷിയാണ്, അസുന്ദര പക്ഷിയാണ്, മയിലിനെ പോലെ ആടുകയില്ല, കുയിലിനെ പോലെ പാടുകയില്ല. അത് അടിയാള സ്വരൂപമാണ്. ഇതെല്ലം നാം മറന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഭരണാധികാരി എങ്ങനെ ദീര്‍ഘവീക്ഷണത്തോടെ പുസ്തകത്തെ സാഹിത്യത്തെ കലയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിന്റെ വലിയ സാക്ഷ്യമാണ് ഷാര്‍ജ പുസ്തക മേളയെന്ന് ഗോപി പറഞ്ഞു. ഇത് വേറൊരു സംസ്കാരത്തിന്റെ ആഘോഷം കൂടിയാണ്. ഭരണാധികാരിക്ക് മുന്നില്‍ വാഴ്ത്ത് പറയുന്നുവെന്നും ഗോപി പറഞ്ഞു. പുസ്തകത്തേക്കാള്‍ പുത്തകം എന്ന് പറയാനാണ് ഇഷ്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ വായിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ എഴുതുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കവിത എന്നത് സ്വയം പ്രകാശനമാണ്, പാട്ട് മറ്റൊന്നാണ്. കവിതക്ക് താഴെയാണ് പാട്ട് എന്നൊരു ധാരണ പണ്ട് മുതല്‍ നിലനില്‍ക്കുന്നുണ്ടെന്നും ഒന്ന് മറ്റൊന്നിന്റെയും താഴെയോ മുകളിലോ അല്ലെന്നും പരിപാടിയില്‍ ആസ്വാദകരുമായി സംവദിക്കാനെത്തിയ കവിയും ഗാനരചയിതാവുമായ ബി കെ ഹരിനാരായണന് വ്യക്തമാക്കി. ‘കാനനം’ എന്ന് തുടങ്ങുന്ന വരികള്‍ ചീരാമന്‍ എന്ന കവി രാമചരിതത്തില്‍ എഴുതിയത്
പാട്ടുരൂപത്തിലാണെന്ന് ഹരിനാരായണന് ചൂണ്ടിക്കാട്ടി. ഇതിന് ശേഷം കണ്ണശ്ശ രാമായണം, രാമായണം കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളല്പ്പാട്ട്, മോയികുട്ടി വൈദ്യരുടെ കെട്ടിവെച്ച പാട്ട് ഇതെല്ലം പാട്ടുകളായിരുന്നു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന് ഇപ്പോള്‍ പറയുന്നുവെങ്കിലും മുന്‍പ് ഇത് കൃഷ്ണപാട്ടായിരുന്നു എന്ന് ഹരിനാരായണന് സമര്‍ത്ഥിച്ചു.
സാധാരണക്കാരന്റെ പാട്ട് കേള്‍ക്കാന്‍ നാം സന്മനസ്സ് കാണിച്ചില്ലെന്ന് ഇതിനിടയില്‍ പി കെ ഗോപി അഭിപ്രായപ്പെട്ടു. ഇതൊന്നും നമ്മുടെ പാഠ്യക്രമത്തില്‍ ഇടം നേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കുട്ടികള്‍ ചില്ലറക്കാരല്ലെന്ന് പുതു തലമുറയുടെ പ്രിയ പാട്ടെഴുത്തുകാരന് ഹരിനാരായണന് പറഞ്ഞു. സമരം നടത്തേണ്ടത് എങ്ങനെയെന്ന് നമ്മെ കാണിച്ചുതരുന്ന തലമുറയാണ് ഇത്. അവര്‍ എല്ലാ പാട്ടുകളെയും ഭാഷകളെയും സംസ്കാരങ്ങളെയും ആഗിരണം ചെയ്യുന്നുണ്ട്. പാട്ടിന് വേറെ രീതിയിലുള്ള വളര്‍ച്ച ഉണ്ടായതുകൊണ്ടാണ് ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം ..’ പോലെയുള്ള വരികളും വേടനെപ്പോലെയുള്ള എഴുത്തുകാരും വളരുന്നതെന്ന് ഹരിനാരായണന് ചൂണ്ടിക്കാട്ടി.
പ്രേമത്തിന്റെ യഥാര്‍ത്ഥ അര്‍ഥം അറിയാത്തവരാണ് പ്രേമിക്കുന്നതിനൊപ്പം അസംസ്കൃത വസ്തുവായി കഠാര കൂടി വാങ്ങുന്നതെന്ന് പി കെ ഗോപി പറഞ്ഞു. പ്രമ എന്നാല്‍ സത്യം എന്നര്‍ത്ഥം. പ്രേമം എന്നാല്‍ സത്യത്തെ സംബന്ധിക്കുന്നത്. എന്നാല്‍ ഇക്കാലത്ത് പ്രേമം മാംസത്തെ സംബന്ധിക്കുന്നതായി മാറുന്നതുകൊണ്ടാണ് പ്രേമിക്കുന്നയാളെ വെട്ടിക്കൊല്ലുന്നത്. ഭാഷ,സ്നേഹം, സംസ്കാരം എന്നിവ നഷ്ടപ്പെടുന്നിടത്ത് താളവും സത്യവും ഉണ്ടാവില്ല. ഭാഷയുടെ സത്യവും സൗന്ദര്യവും നഷ്ടപ്പെട്ടുപോയ വിചിത്രമായ ഒരു കാലം വന്നതില്‍ സങ്കടമുണ്ടെന്നും പി കെ ഗോപി പറഞ്ഞു. സംവാദത്തില്‍ രാധാകൃഷ്ണന് മച്ചിങ്ങല്‍ മോഡറേറ്ററായിരുന്നു.