തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2 മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടെനറൈഫ് മുന്നേറ്റനിര താരം ജീസസ് ഡി മിഗ്വേല്‍ മരണത്തിന് കീഴടങ്ങി. ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് താരത്തിന്റെ വിയോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:00 മണിയോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഇന്‍ജറി ടൈമില്‍ പന്ത് കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് അന്‍ഡോറ ഗോള്‍കീപ്പര്‍ ജീസസ് ഒവോണോയുമായി മിഗ്വേല്‍ കൂട്ടിയിടിച്ചത്. ഗോള്‍കീപ്പറിന്റെ കാല്‍മുട്ട് താരത്തിന്റെ നെഞ്ചിലും തലയിലും ശക്തമായി ഇടിക്കുകയായിരുന്നു.
മൈതാനത്ത് ബോധരഹിതനായി വീണ താരത്തിന് അടിയന്തര വൈദ്യസഹായം നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ ഹൃദയാഘാതവും ഉണ്ടായി. ഐ.സി.യുവില്‍ തീവ്ര പരിചരണത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് റഫറി ഗോള്‍കീപ്പര്‍ക്ക് റെഡ് കാര്‍ഡ് നല്കി മത്സരം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. മത്സരം 2-2 സമനിലയില്‍ നില്‍ക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്.