മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

മദീന: മദീന ബസ് സര്‍വീസുകളിലെ യാത്രക്കാര്‍ക്കായി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ‘തവക്കല്‍നാ’ ആപ്പിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത ശൃംഖലയെ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യാനും യാത്രക്കാരുടെ ടിക്കറ്റിംഗ് നടപടികള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റം.
മദീന റീജിയന് ഡെവലപ്മെന്റ് അതോറിറ്റിയുടെ (Madinah Region Development Authortiy) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മദീന ബസ് പ്രോജക്റ്റ്, മദീനയിലെ വിവിധ റസിഡന്‍ഷ്യല്‍ ഏരിയകളെയും പ്രധാന കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. മസ്ജിദുന്നബവി, പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ സ്റ്റേഷന്, മസ്ജിദ് ഖുബാ എന്നിവയ്ക്ക് പുറമെ പ്രധാന ആരോഗ്യ, വിദ്യാഭ്യാസ, സേവന കേന്ദ്രങ്ങളിലേക്കും മദീന ബസ് സര്‍വീസുകള്‍ ലഭ്യമാണ്.
നിലവില്‍ 16 റൂട്ടുകളിലായി 476 ബസ് സ്റ്റോപ്പുകളാണ് മദീന ബസ് ശൃംഖലയിലുള്ളത്. ‘തവക്കല്‍നാ’ ആപ്പിലൂടെ ഇലക്ട്രോണിക് രീതിയില്‍ വളരെ വേഗത്തില്‍ ടിക്കറ്റുകള്‍ വാങ്ങി യാത്ര ചെയ്യാന്‍ സാധിക്കുന്നത് നഗരത്തിലെ ഡിജിറ്റല്‍ സേവനങ്ങളുടെ സംയോജനത്തിനും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമാകും.