യുഎഇയില്‍ കാര്‍ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ തട്ടിപ്പ് സൂക്ഷിക്കുക; 10 നിര്‍ദേശങ്ങളുമായി ദുബൈ പൊലീസ്
ഗൾഫ് ചന്ദ്രിക
ദുബൈ: വാഹന ഇന്‍ഷുറന്‍സ് പുതുക്കുകയോ പുതിയ പോളിസി എടുക്കുകയോ ചെയ്യുന്ന യുഎഇ നിവാസികള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്കി. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബ്രോക്കര്‍മാര്‍, അംഗീകൃത സേവനദാതാക്കള്‍ എന്നിവരുടെ പേരില്‍ വ്യാജ പരസ്യങ്ങളും ലിങ്കുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുകയോ അടിയന്തരമായി പോളിസി പുതുക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്ത ശേഷം വാഹന വിവരങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് കാര്‍ഡ് വിവരങ്ങള്‍, വെരിഫിക്കേഷന് കോഡുകള്‍ എന്നിവ കൈക്കലാക്കുന്നതാണ് പ്രധാന തട്ടിപ്പ് രീതി.
തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ദുബൈ പൊലീസ് നിര്‍ദേശിക്കുന്ന 10 കാര്യങ്ങള്‍:
ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് പരിശോധിക്കുക പണം നല്‍കുന്നതിന് മുമ്പ് കമ്പനിയുടെ പേര് പരിശോധിക്കുകയും അത് അംഗീകൃത ഇന്‍ഷുറന്‍സ് സ്ഥാപനമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.
പണം പോകുന്ന ബാങ്ക് അക്കൗണ്ട് പരിശോധിക്കുക. പണം നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനിയുടെ അക്കൗണ്ടിലേക്കാണെന്ന് ഉറപ്പാക്കണം. വ്യക്തിയുടെ പേരിലുള്ളതോ ബന്ധമില്ലാത്ത സ്ഥാപനത്തിന്റേതോ ആയ അക്കൗണ്ടിലേക്ക് പണം അയയ്ക്കരുത്.
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ വിശ്വസിച്ച് ഇടപെടരുത്. സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ഓഫറുകള്‍ ഔദ്യോഗിക വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ സ്വീകരിക്കാവൂ.
പരിചയമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇന്‍ഷുറന്‍സ് പുതുക്കല്‍ അല്ലെങ്കില്‍ പ്രത്യേക ഓഫര്‍ എന്ന പേരില്‍ ലഭിക്കുന്ന സംശയകരമായ ലിങ്കുകള്‍ തുറക്കരുത്.
അസാധാരണമായി കുറഞ്ഞ നിരക്കുകളില്‍ ജാഗ്രത. വിപണി നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ സൂചനയായിരിക്കാം.
ബാങ്കിങ്, വെരിഫിക്കേഷന് വിവരങ്ങള്‍ കൈമാറരുത്. ബാങ്ക് കാര്‍ഡ് വിവരങ്ങള്‍, പാസ്വേഡുകള്, OTP/വെരിഫിക്കേഷന് കോഡുകള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
ഇന്‍ഷുറന്‍സ് കമ്പനിയെ നേരിട്ട് ബന്ധപ്പെടുക. പണം നല്‍കുന്നതിന് മുമ്പ് കമ്പനിയുടെ ഔദ്യോഗിക ഫോണ്‍ നമ്പര്‍, വെബ്സൈറ്റ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഓഫറും പേയ്മെന്റ് ആവശ്യവും യഥാര്‍ഥമാണെന്ന് സ്ഥിരീകരിക്കുക.
രേഖകള്‍ സൂക്ഷിക്കുക. പേയ്മെന്റ് രസീതുകള്‍, സന്ദേശങ്ങള്‍, ഇന്‍ഷുറന്‍സ് ഓഫറുകള്‍ തുടങ്ങിയ രേഖകള്‍ സൂക്ഷിക്കണം. തട്ടിപ്പ് സംഭവിച്ചാല്‍ ഇവ തെളിവായി ഉപയോഗിക്കാം.
തട്ടിപ്പ് സംശയിച്ചാല്‍ പണമിടപാട് നിര്‍ത്തുക. തട്ടിപ്പിന് ഇരയായതായി സംശയമുണ്ടെങ്കില്‍ തുടര്‍ പേയ്മെന്റുകള്‍ ഉടന്‍ നിര്‍ത്തുകയും ബാങ്കിനെയും ബന്ധപ്പെട്ട അധികൃതരെയും ഉടന്‍ അറിയിക്കുകയും വേണം. ദുബൈ പൊലീസിന്റെ പ്രധാന മുന്നറിയിപ്പ്: ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായി വരുന്ന സന്ദേശങ്ങളിലെ ലിങ്കില്‍ നേരിട്ട് ക്ലിക്ക് ചെയ്യുന്നതിനുപകരം, ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയുടെ ഔദ്യോഗിക ചാനലുകള്‍ വഴി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം മാത്രം പണമടയ്ക്കുക.