ആകാശത്തും ഭൂമിയിലും വിസ്മയങ്ങള്‍ വിതറി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 4ന് തുടങ്ങും

ഉദ്ഘാടന വാരാന്ത്യത്തില്‍ റാഷിദ് അല്‍ മാജിദിന്റെയും സ്റ്റീവ് ഓക്കിയുടെയും സംഗീതപരിപാടികള്‍
ദുബൈ: നഗരത്തെ ആഘോഷങ്ങളുടെ വേദിയാക്കി 32ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (DSF) ഡിസംബര്‍ 4ന് തുടക്കമാകും. 45 ദിവസം നീളുന്ന ഫെസ്റ്റിവല്‍ 2027 ജനുവരി 17 വരെ തുടരും. സംഗീതപരിപാടികള്‍, രാത്രികാല ഡ്രോണ്‍ ഷോകള്‍, കടല്‍ത്തീരത്തെ വെളിച്ചവിസ്മയങ്ങള്, ഷോപ്പിങ് ഓഫറുകള്‍, കുടുംബങ്ങള്‍ക്കായുള്ള വിനോദപരിപാടികള്‍ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകര്ഷണങ്ങള്. ഉദ്ഘാടന ദിവസമായ ഡിസംബര്‍ 4ന് കൊക്കകോള അരീനയില്‍ പ്രശസ്ത അറബ് ഗായകന് റാഷിദ് അല്‍ മാജിദിന്റെ സംഗീതപരിപാടി നടക്കും. ഡിസംബര്‍ 5ന് രാജ്യാന്തര പ്രശസ്ത ഡിജെയും സംഗീതജ്ഞനുമായ സ്റ്റീവ് ഓക്കിയുടെ പരിപാടിയും ഇതേ വേദിയില്‍ അരങ്ങേറും.
ഡിസംബര്‍ 5 മുതല്‍ ജെബിആറിലെ ദി ബീച്ചിനും ബ്ലൂവാട്ടേഴ്സ് ഐലന്‍ഡിനും ഇടയിലുള്ള കടല്‍ത്തീരത്ത് എല്ലാ രാത്രിയും മള്‍ട്ടിമീഡിയ ലൈറ്റ് ഷോകള്‍ അരങ്ങേറും. രാത്രി 7.30 മുതല്‍ 10.30 വരെയാണ് പ്രദര്‍ശനം. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള രണ്ട് ഡ്രോണ്‍ ഷോകള്‍, ലേസര്‍ പ്രദര്‍ശനങ്ങള്‍, ജെബിആറിലെ തെരഞ്ഞെടുത്ത കെട്ടിടങ്ങളില്‍ നടത്തുന്ന ആര്‍ക്കിടെക്ചറല്‍ ലേസര്‍ മാപ്പിങ് എന്നിവ ഉള്‍പ്പെടുന്നതാണ് പരിപാടി. ജനുവരി 17 വരെ ഈ പ്രദര്‍ശനങ്ങള്‍ തുടരും. കടല്‍ത്തീരത്തും ബ്ലൂവാട്ടേഴ്സ് പ്രൊമനേഡിലും പ്രത്യേക ലേസര്‍ സംവിധാനങ്ങള്‍ ഒരുക്കും. കടലിടുക്കില്‍ സെര്‍ച്ച് ലൈറ്റുകളും ലേസറുകളും ഘടിപ്പിച്ച ഫ്ലോട്ടിങ് ഇന്‍സ്റ്റലേഷനും സ്ഥാപിക്കും. ജെബിആറിലെ തിരഞ്ഞെടുത്ത കെട്ടിടങ്ങളില്‍ നടത്തുന്ന ലേസര്‍ മാപ്പിങ് ദി ബീച്ച്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളില്‍നിന്ന് കാണാനാകും.
ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സി.ഇ.ഒ അഹമ്മദ് അല്‍ ഖാജയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ നഗരത്തിലെ ശൈത്യകാല ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന പുതിയ വിനോദ, ഷോപ്പിങ്, കുടുംബാനുഭവങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെസ്റ്റിവലിന്റെ ഭാഗമായി ദുബായിലെ വിവിധ മാളുകളിലും വ്യാപാരകേന്ദ്രങ്ങളിലും പ്രത്യേക വിലക്കുറവുകളും പ്രമോഷനുകളും ഒരുക്കും. ഷോപ്പിങ്ങിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളുമുണ്ടാകും. പങ്കെടുക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍, ഓഫറുകള്‍, സമ്മാനങ്ങള്‍ എന്നിവയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ദുബൈ സാമ്പത്തികടൂറിസം വകുപ്പിന് കീഴിലുള്ള DFRE ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഷോപ്പിങ്ങില്‍ മാത്രം ഒതുങ്ങാതെ സംഗീതം, സാംസ്കാരിക പരിപാടികള്‍, കുടുംബവിനോദം, നഗരത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യാന്തര ശ്രദ്ധയുള്ള ഉത്സവമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വളര്‍ന്നിട്ടുണ്ട്.