അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ കൊലപാതകം: അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി ഇസ്രായേല്‍ സൈന്യം

ഗസ്സ: അഞ്ച് വയസ്സുകാരി ഫലസ്തീന് ബാലിക ഹിന്ദ് റജബ് ഗസ്സയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കാന്‍ ഇസ്രായേല്‍ സൈനിക പൊലീസ് തീരുമാനിച്ചു. 2024 ജനുവരിയില്‍ കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബും കുടുംബാംഗങ്ങളും ഇസ്രായേല്‍ സൈനികരുടെ വെടിവെപ്പിനിരയായത്. കാറില്‍ കുടുങ്ങിയ ഹിന്ദ് സഹായത്തിനായി ഫലസ്തീന് റെഡ് ക്രസന്റിലേക്ക് നടത്തിയ അവസാന ഫോണ്‍വിളി ലോകശ്രദ്ധ നേടിയിരുന്നു. ലോകമാകെ പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇസ്രയേല്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സംഭവദിവസം ഹിന്ദും കുടുംബത്തിലെ ആറ് പേരും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഇസ്രായേല്‍ സൈനികരുടെ വെടിവെപ്പില്‍ കുടുംബത്തിലെ അഞ്ച് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹിന്ദും 15 വയസ്സുള്ള ബന്ധുവായ ലയാനും ആദ്യം ജീവനോടെ ഉണ്ടായിരുന്നു. ഇരുവരും ഫലസ്തീന് റെഡ് ക്രസന്റിനോട് സഹായത്തിനായി ഫോണ്‍ ചെയ്തു. എന്നാല്‍ അവരെ രക്ഷിക്കാനായി ആംബുലന്‍സിലെത്തിയ രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫുകളും കൊല്ലപ്പെട്ടു. പിന്നീട് ഹിന്ദും ലയാനും മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നൂറുകണക്കിന് വെടിയുണ്ടകളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഓപ്പണ്‍സോഴ്സ് അന്വേഷണങ്ങള്‍ ആരോപിച്ചു. ഇസ്രായേല്‍ സൈന്യം പറയുന്ന ന്യായം, സൈനികര്‍ നല്കിയ മുന്നറിയിപ്പിന് വിരുദ്ധമായി കാര്‍ സഞ്ചരിച്ചതിനാലാണ് വെടിവെച്ചതെന്നാണ്.
എന്നാല്‍ രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹിന്ദിന്റെ മരണത്തിലേക്കും ആംബുലന്‍സിന് നേരെയുണ്ടായ വെടിവെപ്പിലേക്കുമുള്ള സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ഇപ്പോള്‍ സൈനിക പ്രോസിക്യൂട്ടര്‍മാര്‍ വിലയിരുത്തിയിരിക്കുകയാണ്. സമാനമായ മറ്റൊരു കേസിലും അന്വേഷണം നടത്തും. 2025 മാര്‍ച്ചില്‍ റഫയിലെ ടെല്‍ അല്‍ സുല്‍ത്താന്‍ മേഖലയില്‍ അടിയന്തര സേവന വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 15 ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവവും കൂടുതല്‍ ക്രിമിനല്‍ അന്വേഷണത്തിന് വിധേയമാക്കും. ആംബുലന്‍സുകളും മറ്റ് അടിയന്തര വാഹനങ്ങളും ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൈനികരുടെ വെടിവെപ്പ് ‘ക്രിമിനല്‍ misconduct’ സംബന്ധിച്ച് ന്യായമായ സംശയം ഉയര്‍ത്തുന്നതായി ഇസ്രായേല്‍ സൈന്യം തന്നെ ഇപ്പോള്‍ വ്യക്തമാക്കി. അതേസമയം മൂന്ന് കേസുകള്‍ അന്വേഷണം കൂടാതെ അവസാനിപ്പിച്ചു. ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട 150 സംഭവങ്ങള്‍ ഇസ്രായേല്‍ സൈനിക പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിച്ചതില്‍ മൂന്ന് കേസുകള്‍ ക്രിമിനല്‍ അന്വേഷണം കൂടാതെ അവസാനിപ്പിച്ചു. അതില്‍ പ്രധാനപ്പെട്ടത് World Central Kitchenന്റെ ഏഴ് സഹായപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട 2024 ഏപ്രില്‍ ആക്രമണമാണ്. അന്ന് സംഭവം ‘ഗുരുതരമായ പിഴവ്’ എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ വിലയിരുത്തലിലും സൈനികര്‍ക്ക് ഹമാസ് അംഗങ്ങള്‍ വാഹനവ്യൂഹത്തിലുണ്ടെന്ന സംശയം ഉണ്ടായിരുന്നുവെന്നും അതിനാല്‍ നടപടി ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നുമാണ് സൈന്യത്തിന്റെ പിന്നീടുള്ള നിലപാട്. മറ്റു രണ്ട് കേസുകള്‍ Doctors Without Borders ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളാണ്. എന്നാല്‍ ഹിന്ദ് റജബ് കേസ് ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഹിന്ദ് റജബിന്റെ അവസാന ഫോണ്‍വിളി ഗസ്സയിലെ നിരപരാധികളായ സിവിലിയന്മാരുടെയും പ്രത്യേകിച്ച് കുട്ടികളുടെയും ദുരിതത്തിന്റെ ആഗോള പ്രതീകമായി മാറിയിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കി ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹാനിയ ഒരുക്കിയ The Voice of Hind Rajab എന്ന സിനിമയും അന്താരാഷ്ട്ര ശ്രദ്ധ നേടി. ഹിന്ദ് റജബ് കേസില്‍ ഇപ്പോള്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചത്, സംഭവത്തില്‍ സൈനിക നിയമലംഘനമോ ക്രിമിനല്‍ ഉത്തരവാദിത്തമോ ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുന്ന പുതിയ ഘട്ടമാണ്. എന്നാല്‍ അന്വേഷണം ആരംഭിച്ചു എന്നത് കൊണ്ട് കുറ്റം തെളിഞ്ഞുവെന്നര്ഥമില്ല.