സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിന് നഷ്ടമായത് മൂന്ന് പേരെ. ഫുജൈറയില്‍ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടില്പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ, ഇരട്ട സഹോദരങ്ങളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ്(3) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കുടുംബത്തിലെ മറ്റ് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിദ്ദീഖിന്റെ മൂത്ത മകളുടെ മകനാണ് ഫായിസ്.
ഷാര്‍ജയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം ഫുജൈറയിലെ വീട്ടിലേക്ക് മടങ്ങുംവഴി ബുധനാഴ്ച രാത്രി 11 മണിയോടെ ഫുജൈറ കോര്‍ട്ട് ഹൗസിന് സമീപമാണ് അപകടമുണ്ടായത്. അസ്മില്‍ ഓടിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകള്‍, അവരുടെ മറ്റ് രണ്ട് കുട്ടികള്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും നിലവില്‍ അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സിദ്ദീഖും മൂത്ത മകനും മരുമകനും ഈ യാത്രയില്‍ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നില്ല. ട്രക്കിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നവെന്നാണ് പ്രാഥമിക വിവരം.
മരിച്ച അസ്മില്‍ ഫുജൈറയിലാണ് വളര്‍ന്നതെന്ന് ഫുജൈറയിലെ സോഷ്യല്‍ വര്‍ക്കര്‍ പറഞ്ഞു. അസ്മില്‍ പതിവായി കഫറ്റീരിയയില്‍ ഇരിക്കാറുണ്ടായിരുന്നു, അവിടെ വരുന്ന എല്ലാവര്ക്കും അവനെ നന്നായി അറിയാമായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് അവന് പെരുമാറിയിരുന്നത്. അപകടം എമിറേറ്റിലെ ഇന്ത്യന്‍ സമൂഹത്തെയാകെ നടുക്കിയെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ, ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വന്‍ അപകടമുണ്ടായതായും നിരവധിയാളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായും ഫുജൈറ പോലീസ് അറിയിച്ചിരുന്നു.