സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ സിനിമയാക്കുമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡി. സംഗറെഡ്ഡിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ നിര്‍മാണത്തിനായി മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും സാമ്പത്തിക സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കണ്‍വീനര്‍ ജുലകാന്തി അഞ്ജനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.
സിനിമയുടെ നിര്‍മാണം ആരംഭിക്കുന്നതിനായി 50 അംഗ സമിതി രൂപീകരിക്കാനാണ് ജഗ്ഗ റെഡ്ഡിയുടെ നിര്‍ദേശം. ഗാന്ധി ഭവന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹരിപ്രസാദിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. നല്ലൊരു സംവിധായകനെ കണ്ടെത്തി ആവശ്യമായ ബജറ്റ് സമാഹരിക്കും. തയാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടി.പി.സി.സി അധ്യക്ഷന്‍ മഹേഷ് കുമാര്‍ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണത്തിന് തുടക്കം കുറിക്കുമെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. സോണിയയുടെ ആത്മകഥയുടെ പകര്‍പ്പുകള്‍ വാങ്ങി പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പദത്തോട് സോണിയ ഗാന്ധിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും ജഗ്ഗ റെഡ്ഡി അവകാശപ്പെട്ടു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോഴും യു.പി.എ അധികാരത്തിലെത്തിയപ്പോഴും ആ പദവി ഏറ്റെടുക്കാന്‍ സോണിയ തയാറായില്ല. പകരം മന്മോഹന് സിങ്ങിന് അവസരം നല്‍കിയത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രപരമായ തീരുമാനമാണെന്നും ജഗ്ഗ കൂട്ടിച്ചേര്‍ത്തു.