അറബ് റീഡിങ് ചലഞ്ച്: 4 കോടി വിദ്യാര്‍ഥികള്‍; വിജയികളെ ഒക്ടോബര്‍ 29ന് പ്രഖ്യാപിക്കും

പരിഭാഷ:
മന്‍സൂര്‍ ഹുദവി കളനാട്
സത്യവിശ്വാസിയുടെ പ്രധാന അടയാളമാണ് സലാം പറച്ചില്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രക്ഷയുടെയും സുകൃത സന്ദേശങ്ങള്‍ നല്‍കുന്നതാണ് സലാം. എല്ലാവിധ വൈര്യങ്ങളില്‍ നിന്നും വിദ്വേഷങ്ങളില്‍ നിന്നും മനസ്സ് ശുദ്ധമാണെന്ന് സലാം എന്ന ഇസ്ലാമിക അഭിവാദ്യപ്രാര്ത്ഥന പ്രഖ്യാപിക്കുന്നുണ്ട്. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു…പുണ്യങ്ങള്‍ക്കും സുകൃതങ്ങള്‍ക്കും കാരുണ്യങ്ങള്ക്കുമുള്ള പ്രാര്‍ത്ഥനയാണ് സലാം. സലാം പറയുന്നതിലൂടെ സത്യവിശ്വാസിയുടെ നന്മകള് അധികരിക്കുകയും തദ്ഫലമായുള്ള പ്രതിഫലങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യുടെ അരികിലൂടെ നടന്നുപോവുമ്പോള്‍ പറഞ്ഞു: അസ്സലാമു അലൈക്കും. അപ്പോള്‍ നബി (സ്വ) പറഞ്ഞു: പത്തു പ്രതിഫലങ്ങള്‍. പിന്നീടൊരിക്കല്‍ അയാള്‍ നബി (സ്വ) യുടെ അരികിലൂടെ നടന്നുപോവുമ്പോള്‍ പറഞ്ഞു: അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഇരുപത് പ്രതിഫലങ്ങള്‍. മറ്റൊരിക്കല്‍ നടന്നുപോവുമ്പോള്‍ അയാള്‍ പറഞ്ഞു അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: മുപ്പത് പ്രതിഫലങ്ങള്‍ (അദബുല്‍ മുഫ്റദ് ബുഖാരി 986).
സലാം പറയുന്നത് ശീലമാക്കിയവന്റെ നന്മയുടെ തൂക്കം കനപ്പെട്ടതായിരിക്കും. ബഹുമാനങ്ങള്‍ നല്കപ്പെടുകയും ചെയ്യും. അല്ലാഹുവിനെ കണ്ടുമുട്ടുമെന്നത് തന്നെയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ ബഹുമതി. അവനെ അഭീമുഖീകരിക്കുന്ന നാള് അവരുടെ അഭിവാദനം സലാം ആയിരിക്കും (സൂറത്തുല്‍ അഹ്സാബ് 44). അവരെ മാലാഖമാര്‍ സലാം കൊണ്ട് സ്വീകരിക്കും: ആ മലക്കുകള്‍ ആശംസിക്കും ‘നിങ്ങള്‍ക്കു സമാധാനം ഭവിക്കട്ടെ’ (സലാം), നിങ്ങളനുവര്ത്തിച്ചുകൊണ്ടിരുന്ന പുണ്യങ്ങളുടെ ഫലമായി സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (സൂറത്തു ന്നഹ്ല് 32). സ്വര്‍ഗത്തില്‍ പ്രവേശിച്ചവരുടെ പരസ്പരമുള്ള അഭിവാദ്യവും സലാം തന്നെയാണ് (സൂറത്തു യൂനുസ് 10). സ്വര്‍ഗ പ്രവേശനത്തിനുള്ള പ്രധാന നിദാനം തന്നെ സലാം പറയല്‍ ആയേക്കാം. കാരണം നബി (സ്വ) പറയുന്നുണ്ട്: അല്ലാഹുവാണേ സത്യം, നിങ്ങള്‍ പൂര്‍ണ സത്യവിശ്വാസികളാവുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നത് വരെ പൂര്‍ണ സത്യവിശ്വാസികളുമാവില്ല. ഞാന്‍ നിങ്ങള്‍ക്ക് പരസ്പരം സ്നേഹവും ഇഷ്ടവുമുണ്ടാവാനുള്ള കാര്യം പറഞ്ഞുതരട്ടയോ… അതാണ് സലാം, നിങ്ങള്‍ പരസ്പരം സലാം പറയുന്നതിനെ വ്യാപകമാക്കുക (ഹദീസ് മുസ്ലിം 93). പരസ്പരം കണ്ടുമുട്ടുമ്പോഴും വീട്ടില്‍ പ്രവേശിക്കുമ്പോഴും സലാം പറയാത്തവരുടെ കാര്യം പരിതാപകരം തന്നെ.
സലാം അല്ലാഹുവില്‍ നിന്നുള്ള അനുഗൃഹീതമായ അഭിവാദ്യമാണ്. അത് ഇണക്കത്തിനും പുണ്യങ്ങള്‍ക്കും കാരണമാവും. അല്ലാഹു പറയുന്നുണ്ട്: വീടുകളിലേക്കു കടക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹീതവും ഉദാത്തവുമായ ഉപഹാരമെന്ന നിലക്ക് നിങ്ങള്‍ പരസ്പരം സലാം പറയണം (സൂറത്തുന്നൂര്‍ 61). അതായത് ഒരു സത്യവിശ്വാസി ഒരിടത്ത് പ്രവേശിക്കുമ്പോള്‍ സലാം പറയല്‍ അനിവാര്യമെന്നാണ്. അവിടന്ന് പിരിയുമ്പോഴും സലാം പറയണം. അപ്രകാരമാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (അദബുല്‍ മുഫ്റദ് 986). സലാം പറയേണ്ട മര്യാദകളും നബി (സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്. ചെറിയവര്‍ വലിയവരോട് സലാം പറയണം, നടന്നുപോവുന്നയാള് ഇരിക്കുന്നയാളോട് സലാം പറയണം, ചെറിയ കൂട്ടം ആള്ക്കാര് വലിയ കൂട്ടത്തോട് സലാം പറയണം (ഹദീസ് ബുഖാരി 6237). കേള്‍ക്കുന്ന രീതിയില്‍ ശബ്ദമുയര്‍ത്തി പറയലും സലാമിന്റെ മര്യാദയാണ്. ഒരാളോട് പ്രത്യേകമായി സലാം പറയരുത്. ഒരാളോടാണെങ്കിലും സലാം ബഹുവചനമായ അലൈക്കും (നിങ്ങളുടെ മേല്‍) എന്ന് തന്നെ പറയണം. കാരണം അവന്റെ കൂടെ മലക്കുകളുണ്ടാവും, അവര്‍ ബഹുവചനമായി തന്നെ പ്രതിവാദ്യമായി സലാം മടക്കും. ജനങ്ങള്‍ക്ക് മൊത്തത്തില്‍ സലാം പറയണം. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യോട് ചോദിച്ചു: ഏതു ഇസ്ലാമാണ് ഏറ്റവും ഉത്തമം? അപ്പോള്‍ നബി (സ്വ) പറഞ്ഞു: താങ്കള്‍ ഭക്ഷണം നല്‍കണം, അറിയുന്നവരോടും അറിയാത്തവരോടും സലാം പറയണം (ഹദീസ് ബുഖാരി, മുസ്ലിം). എത്രയെത്ര വിദ്വേഷങ്ങളുടെ തീയാണ് സലാം കെടുത്തിയിരിക്കുന്നത്, എത്രയെത്ര ബന്ധങ്ങളെയാണ് സലാം കൂട്ടിച്ചേര്ത്തിയിരിക്കുന്നത്, എത്രയെത്ര ഹൃദയവേദനകള്ക്കാണ് സലാം പരിഹാരമായത്, എത്രയെത്ര സ്നേഹാദരങ്ങളും പുണ്യങ്ങളുമാണ് സലാം സാക്ഷാല്ക്കരിച്ചിരിക്കുന്നത്.
നിങ്ങളോട് സലാം പറയപ്പെട്ടാല്‍ നല്ല രീതിയില്‍ പ്രതിവാദ്യമായി സലാം മടക്കണം. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് ഒരു അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്‍ മെച്ചപ്പട്ടതോ അല്ലെങ്കില്‍ തത്തുല്യമെങ്കിലോ ആയി പ്രത്യഭിവാദ്യം ചെയ്യുക (സൂറത്തുന്നിസാഅ് 86). സലാം ആദ്യം പറയാന്‍ നാമേവരും താല്പര്യം കാണിക്കുക. സലാം തുടങ്ങുന്നവന് അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ട്. ജാബിര്‍ (റ) പറയുന്നു: രണ്ടു വഴിയാത്രക്കാര്‍ കണ്ടുമുട്ടിയാല്‍ ആരാണോ സലാം കൊണ്ട് തുടങ്ങുന്നത് അവനാണ് ഏറ്റവും ഉത്തമന് (അദബുല്‍ മുഫ്റദ് ബുഖാരി 994). അതിനാല്‍ ആദ്യം സലാം പറയാന്‍ അതീവ താല്പര്യം കാണിക്കണം. നിത്യവും വ്യാപകമായി സലാം പറയണം. നബി (സ്വ) പറയുന്നുണ്ട്: സലാം എന്നത് അല്ലാഹുവിന്റെ തിരുനാമങ്ങളില്പ്പെട്ട ഒന്നാണ്, അതിനെ അവന് ഭൂമിയില്‍ വെച്ചിരിക്കുകയാണ്, അതിനാല്‍ നിങ്ങളേവരും പരസ്പരം വ്യാപകമായി സലാം പറയുക (അദബുല്‍ മുഫ്റദ് 989). മക്കളെ ഇസ്ലാമിക അടയാളമായ സലാം പറയലിനെ ശീലിപ്പിക്കണം. അവര്‍ക്ക് അതിലെ പ്രവാചക മാതൃക പഠിപ്പിക്കണം. അങ്ങനെ അവരുടെ കുഞ്ഞുമനസ്സില്‍ സാമൂഹിക പ്രതിബദ്ധതയുടെയും സ്നേഹാര്‍ദ്രതയുടെയും പാലങ്ങള്‍ പണിയണം.