എണ്ണച്ചോര്‍ച്ച: റാസല്‍ഖൈമയിലെ എല്ലാ പൊതുബീച്ചുകളും അടച്ചു

റാസല്‍ഖൈമ: യുഎഇയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ എണ്ണച്ചോര്‍ച്ചയുണ്ടായ പശ്ചാത്തലത്തില്‍ റാസല്‍ഖൈമ എമിറേറ്റിലെ എല്ലാ പൊതുബീച്ചുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. താമസക്കാരും സന്ദര്‍ശകരും തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയുടെ ഭാഗമായാണ് തീരുമാനം. റാസല്‍ഖൈമ പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റും റാസല്‍ഖൈമ പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സും സംയുക്തമായാണ് ബീച്ചുകള്‍ അടച്ചിടുന്നതായി അറിയിച്ചത്.
ഈ ഉത്തരവ് എമിറേറ്റിലെ എല്ലാ പൊതുബീച്ചുകള്ക്കും ബാധകമാണ്. ബീച്ചുകള്‍ വീണ്ടും തുറക്കുന്ന തീയതി അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക നിര്‍ദേശങ്ങളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണം നിലനില്‍ക്കുന്ന തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ബീച്ചുകള്‍ വീണ്ടും തുറക്കുന്നതു സംബന്ധിച്ച അറിയിപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം പുറത്തിറക്കും. ഇതുസംബന്ധിച്ച പുതിയ വിവരങ്ങള്‍ക്കായി റാസല്‍ഖൈമ പൊലീസിന്റെയും പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഔദ്യോഗിക സാമൂഹികമാധ്യമ പേജുകള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. നേരത്തെ ഉമ്മുല്‍ ഖുവൈന്‍ തീരത്തുണ്ടായ എണ്ണച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഷാര്‍ജയിലെ അല്‍ ഹംരിയ ബീച്ച് താല്‍ക്കാലികമായി അടച്ചിരുന്നു. കൂടാതെ ഉമ്മുല്‍ഖുവൈനിലെ എല്ലാ ബീച്ചുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തീരങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ, ഷാര്‍ജ, അജ്മാന് എന്നീ എമിറേറ്റുകളില്‍ രൂക്ഷമായ ഗന്ധമുണ്ടായത് കടലുലുണ്ടായ എണ്ണച്ചോര്‍ച്ചയെ തുടര്‍ന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ ദുര്‍ഗന്ധം ആരോഗ്യത്തിന് ഹാനികരമല്ലെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.