20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

ഷാര്‍ജ: അറബി കാലിഗ്രഫിയുടെ സൗന്ദര്യവും സാംസ്കാരിക പൈതൃകവും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്ന പന്ത്രണ്ടാമത് ഷാര്‍ജ കാലിഗ്രഫി ബിനാലെക്ക് തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ബിനാലെ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം നവംബര്‍ 15 വരെ ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെ കാലിഗ്രഫി സ്ക്വയറില്‍ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 272 കലാകാരന്മാരുടെയും കാലിഗ്രഫി വിദഗ്ധരുടെയും 681 കലാസൃഷ്ടികളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനങ്ങള്‍, ശില്പശാലകള്, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടെ 90 പരിപാടികളും ബിനാലെയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ബിനാലെയിലെ മികച്ച സൃഷ്ടികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ശൈഖ് സുല്‍ത്താന്‍ സമ്മാനിച്ചു. ഇറാഖി കലാകാരന് ഫര്‍ഹാദ് യാസീന്റെ സൂറത്ത് അര്റഹ്മാന് എന്ന സൃഷ്ടിക്കാണ് ഗ്രാന്‍ഡ് അവാര്‍ഡ് ലഭിച്ചത്.
അബ്ദുല്‍ബാഖി അബൂബക്കര്‍ (മലേഷ്യ), അഹമ്മദ് ജലാലുദ്ദീന്‍ (ഇന്തോനേഷ്യ), മഹ്ഫൂസ് ദന്നൂന് (ഇറാഖ്) എന്നിവര്‍ക്ക് ആധികാരിക ശൈലി വിഭാഗത്തിലെ പുരസ്കാരങ്ങള്‍ ലഭിച്ചു. യഥാക്രമം അഹ്ദ് അല്‍ മുസ്ലിഹ്, ഖുത്ബത്തുല്‍ വിദാഅ്, ആയത്തുല്‍ കുര്‍സിയും ഖസീദത്തുല്‍ ബുര്‍ദയും എന്നീ സൃഷ്ടികള്‍ക്കാണ് അംഗീകാരം. ആധുനികസമകാലിക കാലിഗ്രഫി കലാ പുരസ്കാരങ്ങള്‍ ജര്‍മനിയില്‍നിന്നുള്ള ശൈമാ ഹിറ്റോയുടെ ഫന്, ഇന്ത്യയില്‍നിന്നുള്ള നാമിയ നിസാറിന്റെ തസുറ്റുന്നാളിരീന്, സൗദി അറേബ്യയില്‍നിന്നുള്ള ഹുസൈന് അബ്ദുല്മുഹ്സിന്റെ അല്‍ ഹര്‍ഫ് അല്‍ അറബി വ അല്‍ സദു എന്നീ സൃഷ്ടികള്‍ക്ക് ലഭിച്ചു. യുഎഇ കലാകാരനും കാലിഗ്രഫി വിദഗ്ധനുമായ മഹ്മൂദ് അല്‍ അബാദിക്ക് ഖൈറുകും ഖൈറുകും ലി അഹ്ലിഹി എന്ന സൃഷ്ടിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.
മൂന്ന് പ്രമുഖര്‍ക്ക് ആദരം
അറബി കാലിഗ്രഫിയുടെ വളര്‍ച്ചയ്ക്കും സൗന്ദര്യാത്മക പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് മൂന്ന് പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു. എമിറാത്തി കാലിഗ്രാഫര്‍ അലി അല്‍ ഹമ്മാദി, മൊറോക്കന്‍ അക്കാദമിക വിദഗ്ധന്‍ ബെലൈദ് ഹമീദി, ഈജിപ്ഷ്യന്‍ കാലിഗ്രാഫറും ദൃശ്യകലാകാരനുമായ ഖലീഫ അല്‍ ഷിമി എന്നിവരാണ് ആദരിക്കപ്പെട്ടത്. ഇരുപത് വര്‍ഷം മുമ്പ് ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ച ബിനാലെ ഇന്ന് അറബി കാലിഗ്രഫിയുടെ ആഗോള വേദിയായി വളര്‍ന്നിരിക്കുകയാണെന്ന് ബിനാലെയുടെ ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഖാസിര്‍ പറഞ്ഞു. അറബ് സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ കാലിഗ്രഫിയുടെ പദവി ഉയര്‍ത്താനും പുതിയ കലാപ്രയോഗങ്ങള്ക്ക് അവസരമൊരുക്കാനും ബിനാലെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
145 കലാകാരന്മാരുടെ കലായാത്രകള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 145 കലാകാരന്മാരുടെ കലായാത്രകള്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനങ്ങളും ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു. അറബി ലിപിയെ എഴുത്തിനപ്പുറം ദൃശ്യകലയായും സാംസ്കാരിക ആവിഷ്കാരമായും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന സൃഷ്ടികള്‍ അദ്ദേഹം വിലയിരുത്തി. പരമ്പരാഗത കാലിഗ്രഫിയുടെ സൗന്ദര്യം സംരക്ഷിക്കുന്ന സൃഷ്ടികള്‍ക്കൊപ്പം പുതിയ കലാഭാഷകളിലൂടെ അറബി ലിപിയെ അവതരിപ്പിക്കുന്ന പരീക്ഷണങ്ങളും പ്രദര്‍ശനത്തിലുണ്ട്. ആഗോള ദൃശ്യകലാരംഗത്ത് അറബി കാലിഗ്രഫിയുടെ പ്രസക്തി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ബിനാലെയുടെ ലക്ഷ്യം.
കുടുംബമൂല്യങ്ങള്‍ പ്രമേയമാക്കി പ്രത്യേക പ്രദര്‍ശനം
എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ അറബിക് കാലിഗ്രഫി ആന്‍ഡ് ഇസ്ലാമിക് ഓര്‍ണമെന്റേഷന്‍ ഒരുക്കിയ മൈ ഫാമിലി, മൈ പാരഡൈസ് എന്ന പ്രദര്‍ശനവും ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ പ്രാധാന്യം, സാമൂഹിക ഐക്യം, ദേശീയ സ്വത്വം, സ്നേഹം, കാരുണ്യം, സഹാനുഭൂതി, ഐക്യദാര്‍ഢ്യം തുടങ്ങിയ മൂല്യങ്ങളാണ് പ്രദര്‍ശനത്തിന്റെ പ്രമേയം. യുഎഇയിലെ 11 കലാകാരന്മാര് ഒരുക്കിയ സൃഷ്ടികള്‍ ഖുര്‍ആന്‍ വചനങ്ങള്‍, പ്രവാചക വചനങ്ങള്‍, കവിതകള്‍, മഹദ്വചനങ്ങള്‍ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയാണ്. കുടുംബത്തിലൂടെ മൂല്യങ്ങള്‍ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നതിന്റെ പ്രാധാന്യവും സൃഷ്ടികള്‍ വ്യക്തമാക്കുന്നു. ഷാര്‍ജയെ അന്താരാഷ്ട്ര സാംസ്കാരികകലാ കേന്ദ്രമായി ഉയര്‍ത്തുന്നതിലും ലോകമെമ്പാടുമുള്ള കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കുന്നതിലും കാലിഗ്രഫി ബിനാലെ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി.