രാഹുലിനെതിരെ കേസ്; 100 തികയ്ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍: എംപിമാരുടെ ബസ് തടഞ്ഞു

ഗാസാ സിറ്റി: ഇസ്രായേല്‍ ഗാസയില്‍ കൂട്ടക്കുരുതി ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഗാസയ്ക്ക് മേല്‍ ഇസ്രായേല്‍ ആരംഭിച്ച വംശഹത്യാ യുദ്ധത്തിന് മൂന്ന് വര്‍ഷം തികയുമ്പോള്‍, ഗാസ മുനമ്പ് തിരിച്ചറിയാന്‍ കഴിയാത്തവിധം തകര്‍ക്കപ്പെട്ടു. തുടര്‍ച്ചയായ വ്യോമ-കരസേന ആക്രമണങ്ങള്‍ വീടുകളും അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണമായി തകര്‍ത്തു. 20 ലക്ഷത്തിലധികം വരുന്ന ജനതയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്നത്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 74,245-ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിനുശേഷവും 1,462 പേര് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. പലയിടത്തും ഇപ്പോഴും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയും നിരവധിപ്പേരെ കൊന്നൊടുക്കുകയും ചെയ്യുന്നുണ്ട്.
ഗാസയിലെ 94 ശതമാനം ആളുകള്‍ക്കും അടിയന്തര പാര്‍പ്പിട സഹായം ആവശ്യമാണ്. 65 ശതമാനം കുടുംബങ്ങളും താല്‍ക്കാലിക കൂടാരങ്ങളിലാണ് കഴിയുന്നത്. 91 ശതമാനം കുടുംബങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ജനറേറ്ററുകളെയും അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഇന്ധനത്തെയുമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. റോഡുകളും ആശയവിനിമയ ശൃംഖലകളും തകര്‍ന്നതോടെ വാര്‍ത്താവിനിമയവും യാത്രകളും അസാധ്യമായി. ഗാസയിലെ 92 ശതമാനം സാമ്പത്തിക സ്ഥാപനങ്ങളും തകരുകയോ നശിക്കുകയോ ചെയ്തു. സാധനങ്ങളുടെ വിലയില്‍ 200 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി.
98 ശതമാനം സ്കൂളുകളും തകരുകയോ താല്‍ക്കാലിക ആശ്വാസ ക്യാമ്പുകളാക്കി മാറ്റുകയോ ചെയ്തു. 4 നും 17 നും ഇടയില്‍ പ്രായമുള്ള ഏഴ് ലക്ഷത്തോളം കുട്ടികള്‍ക്ക് തുടര്‍ച്ചയായി മൂന്ന് അധ്യയന വര്‍ഷങ്ങളിലെ വിദ്യാഭ്യാസം നഷ്ടമായി. രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് യാതൊരുവിധ വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കുന്നില്ല. ഗാസയിലെ ആകെയുള്ള 36 ആശുപത്രികളില്‍ ഒന്നുപോലും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ 19 ആശുപത്രികള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്.
ഗാസയുടെ 70 ശതമാനം പ്രദേശവും നിലവില്‍ ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലാണ്. 20 ലക്ഷത്തിലധികം വരുന്ന ഫലസ്തീനികള്‍ ഗാസയുടെ 30 ശതമാനത്തില്‍ താഴെ വരുന്ന പ്രദേശത്തേക്ക് ചുരുങ്ങാന്‍ നിര്‍ബന്ധിതരായി. മുന്‍പ് ദക്ഷിണ ഗാസയിലെ അഭയകേന്ദ്രമായിരുന്ന റഫയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേല്‍ കൈയേറിയതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീണ്ടും ആട്ടിപ്പായിക്കപ്പെട്ടത്.