രാഹുലിനെതിരെ കേസ്; 100 തികയ്ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍: എംപിമാരുടെ ബസ് തടഞ്ഞു

ദുബൈ: ദുബൈയിലെ ഷെയേര്‍ഡ് താമസ കേന്ദ്രങ്ങളുടെ ഉപയോഗവും മാനേജ്മെന്റും ക്രമീകരിക്കുന്നതിന് പുതിയ നിയമങ്ങളും വ്യവസ്ഥകളും പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഒരു റെസിഡന്‍ഷ്യല്‍ യൂണിറ്റില്‍ കുടുംബങ്ങളും വ്യക്തികളും ഇടകലര്‍ന്ന് താമസിക്കുന്നത് പുതിയ നിയമപ്രകാരം പൂര്‍ണ്ണമായും നിരോധിച്ചു.
ഓരോ ഷെയേര്‍ഡ് റെസിഡന്‍ഷ്യല്‍ യൂണിറ്റും കുടുംബങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ വ്യക്തികള്‍ക്ക് മാത്രമായോ പൂര്‍ണ്ണമായി നീക്കിവെക്കണം. ഇവ രണ്ടും ഒരുമിച്ച് ഒരു യൂണിറ്റില്‍ അനുവദിക്കില്ല. താമസിക്കുന്ന ഓരോ വ്യക്തിക്കും കിടപ്പുമുറിയില്‍ കുറഞ്ഞത് 5 ചതുരശ്ര മീറ്റര്‍ സ്ഥലം വീതം ഉണ്ടായിരിക്കണം. ഓരോ നാല് താമസക്കാര്‍ക്കും കുറഞ്ഞത് ഒരു പൂര്‍ണ്ണ ശുചിമുറി (വാഷ് ബേസിന്, ടോയ്ലറ്റ്, ഷവര്‍ എന്നിവ അടങ്ങിയത്) വീതം ലഭ്യമായിരിക്കണം.
കുടുംബങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഷെയേര്‍ഡ് താമസകേന്ദ്രങ്ങളില്‍, ഓരോ കുടുംബത്തിനും പ്രത്യേക കിടപ്പുമുറിയും സ്വന്തമായി ശുചിമുറിയും ഉണ്ടായിരിക്കണം. നിയാസ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ്, അല്‍ വസല്‍ റോഡ് തുടങ്ങിയ വിനോദസഞ്ചാര-വാണിജ്യ പ്രാധാന്യമുള്ള പ്രധാന റോഡുകളിലുള്ള കെട്ടിടങ്ങളില്‍ വ്യക്തികള്‍ക്കായുള്ള ഷെയേര്‍ഡ് താമസം വിലക്കി. ഇത്തരം സ്ഥലങ്ങളില്‍ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഷെയേര്‍ഡ് താമസം അനുവദിക്കുക.
പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ഓഗസ്റ്റ് മാസം മുതല്‍ നിലവിലുള്ള കെട്ടിടങ്ങള്‍ക്കും വില്ലകള്‍ക്കും നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി 1 വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. താമസമേഖലകളിലെ അമിത തിരക്ക് ഒഴിവാക്കുക, സുരക്ഷയും ശുചിത്വവും ഉറപ്പാക്കുക, അനധികൃത ഷെയേര്‍ഡ് താമസം തടയുക, നഗരത്തിന്റെ ഭംഗി നിലനിര്‍ത്തുക എന്നിവയാണ് ഈ നിയമ നിര്‍മ്മാണത്തിലൂടെ ദുബൈ ഭരണകൂടം ലക്ഷ്യമിടുന്നത്.