അറബ് റീഡിങ് ചലഞ്ച്: 4 കോടി വിദ്യാര്‍ഥികള്‍; വിജയികളെ ഒക്ടോബര്‍ 29ന് പ്രഖ്യാപിക്കും

ദുബൈ: 1.1 കോടി ദിര്‍ഹം സമ്മാനത്തുകയുമായി പത്താമത് അറബ് റീഡിങ് ചലഞ്ചിന്റെ വിജയികളെ ഒക്ടോബര്‍ 29ന് പ്രഖ്യാപിക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സമാപനച്ചടങ്ങിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ ആദരിക്കുക. അറബ് ലോകത്തും പുറത്തുമായി 60 രാജ്യങ്ങളില്‍നിന്ന് 4 കോടിയിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തതാണ് ഈ വര്‍ഷത്തെ പ്രത്യേകത.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വായനയെയും അറിവിനെയും പ്രോത്സാഹിപ്പിക്കുന്ന സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. വായനയിലും അറിവിലും വിശ്വസിക്കുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതിനും അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ‘ഒരു രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്നത് യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിലൂടെയാണ്. റീഡിങ് ചലഞ്ചിലുള്ള നമ്മുടെ നിക്ഷേപം എല്ലാവര്ക്കും മെച്ചപ്പെട്ട ഭാവിക്കുവേണ്ടിയുള്ള നിക്ഷേപമാണ്,’ ശൈഖ് മുഹമ്മദ് പറഞ്ഞു.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് പങ്കാളിത്തത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. അറബ് ലോകത്തെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ 48 ശതമാനവും ഇത്തവണ ചലഞ്ചിന്റെ ഭാഗമായി. 60 രാജ്യങ്ങളില്‍നിന്നായി 1,38,426 സ്കൂളുകളും 1,61,507 സൂപ്പര്‍വൈസര്‍മാരും പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്കായുള്ള വിഭാഗത്തില്‍ 74,062 വിദ്യാര്‍ഥികളും മത്സരത്തിന്റെ ഭാഗമായി. 2015ല്‍ ആരംഭിച്ച അറബ് റീഡിങ് ചലഞ്ചിന്റെ പത്താമത് പതിപ്പില്‍ പങ്കാളിത്തം ആദ്യ പതിപ്പിനെ അപേക്ഷിച്ച് 1,019 ശതമാനം വര്‍ധിച്ചു. ആദ്യ വര്‍ഷം 36 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം 50 രാജ്യങ്ങളില്‍നിന്നായി 3.22 കോടിയിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ടുണീഷ്യന്‍ ഇരട്ടസഹോദരിമാരായ ബിസാനും ബൈലസാനും കൂക്കയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്.