സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

ടെല്‍ അവീവ്: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ അപകടകരമായ സൈനിക നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്കി ഗാഡി ഐസന്‍കോട്ട്. ഇറാനെതിരെയുള്ള ആക്രമണ സാധ്യതകളെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് ഈ നീക്കം.
രാഷ്ട്രീയ മാറ്റത്തിന്റെ ഈ ഘട്ടത്തില്‍ ഇത്തരം പ്രധാന സുരക്ഷാ തീരുമാനങ്ങള്‍ എടുക്കുന്നത് ഇസ്രായേലിന്റെ ജനാധിപത്യത്തിനും ഭരണസംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തിനും തിരിച്ചടിയാകുമെന്ന് ഐസന്‍കോട്ട് ചൂണ്ടിക്കാട്ടി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ സംയമനം പാലിക്കുക. അടിയന്തര സാഹചര്യത്തിലല്ലാതെ സൈന്യത്തെ വിന്യസിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.
ഇസ്രായേല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാനെതിരെ ആക്രമണം നടത്താന്‍ നെതന്യാഹു ശ്രമിച്ചിരുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ഈ നീക്കത്തെ എതിര്‍ത്തതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. യുദ്ധ അന്തരീക്ഷം തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നായിരുന്നു സൈനിക നേതൃത്വത്തിന്റെ ആശങ്ക.
തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്കോട്ടിനെയാണ് ചുമതലപ്പെടുത്തിയത്. 67 പാര്‍ലമെന്റ് അംഗങ്ങള്‍ ഐസന്‍കോട്ടിനെ പിന്തുണച്ചപ്പോള്‍ 46 പേരുടെ പിന്തുണ മാത്രമാണ് നെതന്യാഹുവിനുണ്ടായിരുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് 28 ദിവസത്തെ സമയമുണ്ട്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വരുന്നത് വരെ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹുവിനാണ് സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണാധികാരം.