സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

അബുദാബി: അബുദാബിയിലെ യാസ് ഹില്‍ട്ടണ്‍ ഹോട്ടല്‍ ലോബിയില്‍ വെച്ച് യു.എഫ്.സി മുന്‍ ചാമ്പ്യന്‍ മെറാബ് ദ്വാലിഷ്വിലിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ എം.എം.എ താരം ഉസ്മാന് നൂര്മഗോമെദോവിനെയും കൂടെയുണ്ടായിരുന്ന സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ശനിയാഴ്ച നടക്കാനിരിക്കുന്ന ‘ആര്.എ.എഫ് അബുദാബി’ പോരാട്ടത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകനുമായി ഹോട്ടല്‍ ലോബിയില്‍ അഭിമുഖം നല്‍കുകയായിരുന്നു ദ്വാലിഷ്വിലി. ഇതിനിടയില്‍ ഉസ്മാന് നൂര്മഗോമെദോവും സംഘവും ദ്വാലിഷ്വിലിയുടെ അടുത്തെത്തി മുഖത്തിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.
സംഭവത്തില്‍ പങ്കാളികളായ എല്ലാവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രമുഖ എം.എം.എ മാധ്യമപ്രവര്ത്തകന് ആരിയല്‍ ഹെല്വാനി സ്ഥിരീകരിച്ചു. പൊതുസ്ഥലത്ത് വെച്ച് നടക്കുകയും ക്യാമറയില്‍ പതിയുകയും ചെയ്ത സംഭവമായതിനാല്‍ പോലീസാണ് സ്വമേധയാ കേസ് എടുത്തതെന്നും ദ്വാലിഷ്വിലി പരാതി നല്‍കിയിട്ടില്ലെന്നുമാണ് വിവരം. ആക്രമണത്തിന് ശേഷം മുഖത്ത് പരിക്കേറ്റ ദ്വാലിഷ്വിലിയെ മെഡിക്കല്‍ സംഘം പരിചരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇത്തിഹാദ് അറീനയില്‍ നടക്കാനിരിക്കുന്ന ആര്.എ.എഫ് മത്സരത്തില്‍ മാര്‍ലണ്‍ മൊറേസിനെതിരെ പോരാടാനാണ് ദ്വാലിഷ്വിലി എത്തിയിരിക്കുന്നത്. ഉസ്മാന് നൂര്മഗോമെദോവിന് മത്സരമില്ലെങ്കിലും, യുറൂജ ഫേബറിനെതിരെ പോരാടുന്ന സഹോദരന് ഉമര്‍ നൂര്‍മഗോമെദോവിനെ പിന്തുണയ്ക്കാനാണ് ഇയാള്‍ അബുദാബിയിലെത്തിയത്.
2025-ല്‍ നടന്ന യു.എഫ്.സി 311-ല്‍ ഉമര്‍ നൂര്‍മഗോമെദോവിനെ പരാജയപ്പെടുത്തി ദ്വാലിഷ്വിലി യു.എഫ്.സി ബാന്റംവെയ്റ്റ് കിരീടം നിലനിര്‍ത്തിയിരുന്നു. അന്നുമുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയുടെ തുടര്‍ച്ചയാണ് പുതിയ സംഘര്‍ഷമെന്നാണ് സൂചന.