അല്‍ ഐനില്‍ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 8 വയസ്സുകാരന് മരിച്ചു

അബുദാബി: അല്‍ഐനില്‍ പാര്ക്കിന് സമീപത്തെ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 8 വയസ്സുകാരന് മരിച്ചു. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന് ബാലനാണ് മരിച്ചത്. പുതിയ അധ്യയന വര്‍ഷത്തിനുള്ള ഒരുക്കത്തിലായിരുന്നു കുട്ടി. സ്കൂള്‍ ബാഗും സ്റ്റേഷനറിയും തയ്യാറാക്കി സ്കൂള്‍ തുറക്കാനായി കാത്തിരിക്കുയായിരുന്നു വലീദ്. സ്കൂള്‍ സ്പോര്‍ട്സ് യൂണിഫോം വാങ്ങാന്‍ പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വീട്ടിനടുത്തുള്ള പാര്‍ക്കില്‍ ജ്യേഷ്ഠ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കളിക്കുകയായിരുന്നു. സമീപത്ത്, വീട്ടിന് പുറത്തുണ്ടായിരുന്ന, കുട്ടികള്‍ പതിവായി കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന വാട്ടര്‍ കൂളറില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. സഹോദരന് പരിഭ്രാന്തനായി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം സ്ഥലത്തെത്തി. കുട്ടിയെ അബോധാവസ്ഥയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.