ഇമാറാത്തിന്റെ പൈതൃകക്കാഴ്ച; അഡിഹെക്സ് സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബിയില്‍ നടക്കുന്ന 23ാമത് അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്റ് ഇക്വിസ്ട്രിയന്‍ എക്സിബിഷന്-അഡിഹെക്സ് സന്ദര്‍ശിച്ചു. ‘A Legacy of Pride’ എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രദര്‍ശനം സെപ്റ്റംബര്‍ 6 വരെ അബുദാബി അഡ്നെക് സെന്ററില്‍ നടക്കും. യുഎഇയുടെ പൈതൃക സംരക്ഷണവും സംസ്കാരിക പ്രചാരണവും മുന്‍നിര്‍ത്തി നടത്തുന്ന എക്സിബിഷന് ഓരോ വര്‍ഷവും നിരവധിയാളുകളെയാണ് ആകര്‍ഷിക്കുന്നത്. എക്സിബിഷനിലെ എല്ലാ പ്രദര്‍ശന വസ്തുക്കളും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. വേട്ട, കുതിരസവാരി, ഫാല്‍ക്കണ്‍റി മേഖലകളിലെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും ശൈഖ് മുഹമ്മദ് പരിചയപ്പെട്ടു. പൈതൃക സംരക്ഷണം, സുസ്ഥിരത, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം വിലയിരുത്തി. ആധികാരിക ഇമാറാത്തി പൈതൃകം യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ അഡിഹെക്സ് എക്സിബിഷന് വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബ്രാന്‍ഡുകള്‍, മേഖലാ താല്പര്യക്കാര് എന്നിവരെ ഒരുമിപ്പിക്കുന്ന ആഗോള വേദിയായി അഡിഹെക്സ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ വലിയ എക്സിബിഷനാണ് ഒരുക്കിയിരിക്കുന്നത്. 23ാമത് പതിപ്പ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുതാണ്. അഡ്നെക് സെന്ററിലെ ലഭ്യമായ മുഴുവന്‍ ഹാളുകളും ആദ്യമായി പ്രദര്‍ശനത്തിനായി ഉപയോഗിക്കുന്നു. ഓഗസ്റ്റ് 28 മുതല്‍ തുടങ്ങിയ എക്സിബിഷന് സെപ്റ്റംബര്‍ 6 വരെ 10 ദിവസം നീണ്ടുനില്‍ക്കും. വേട്ട, കുതിരസവാരി, ഫാല്‍ക്കണ്‍റി, പൈതൃക സംരക്ഷണം, മരുഭൂമി സാഹസിക വിനോദങ്ങള്‍, ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 15 മേഖലകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.
പരമ്പരാഗത ഇമാറാത്തി ജീവിതരീതികളും ആധുനിക സാങ്കേതികവിദ്യകളും ഒരുമിച്ച് അവതരിപ്പിക്കുന്നതാണ് ഇത്തവണത്തെ അഡിഹെക്സിന്റെ പ്രത്യേകത. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്ന പരമ്പരാഗത രീതികളും ആധുനിക സുസ്ഥിര സാങ്കേതികവിദ്യകളും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമാണ്.
