999 അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമുള്ള നമ്പര്‍: യുഎഇ ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: വാര്‍ത്ത ചോരുന്നത് തടയാന്‍ കടുത്ത നടപടിയുമായി സിപിഎം. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് മുമ്പുണ്ടാകാത്ത തരത്തില്‍ അസാധാരണ നടപടിയെടുക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്. ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ സേവനദാതാക്കളോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് അപേക്ഷാ ഫോമിന്റെ മാതൃകകള്‍ നല്കി. ഇതില്‍ എല്ലാവരും ഒപ്പിട്ട് നല്കി. പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തുപോയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്കി. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സമ്മത പത്രം ഒപ്പിട്ടു വാങ്ങിയത്. അതേസമയം, ഈ നടപടിയില്‍ അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഇ.ഡിയുടെ കത്ത് പൊലീസ് മേധാവിക്ക് നല്കിയ സാഹചര്യത്തില്‍ സിപിഎമ്മില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. കേസെടുത്താല്‍ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകള്‍ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബൈയിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി. റിപ്പോര്‍ട്ടിലുള്ളത്. 25 പേജുള്ള റിപ്പോര്‍ട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നല്‍കിയത്.
വിശാല സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് വീഴ്ചകള്‍ തിരുത്തി പാര്‍ട്ടിയെ നവീകരിക്കാനുള്ള നീക്കത്തിനിടെയാണ് പുതിയ പ്രതിസന്ധി പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന കനത്ത തോല്‍വി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പിണറായി വിജയന്റെ കേസുമായി ബന്ധപ്പെട്ടും ചൂടേറിയ ചര്‍ച്ചയുണ്ടാകും. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ ചോരുന്നത് തടയാന്‍ സാധിക്കാതെ വന്നതോടെയാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് കടുത്ത നീക്കം തിരുവനന്തപുരം ജില്ലാ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടി നടപടികളില്‍ ഒരു വിഭാഗം അമര്‍ഷത്തിലാണ്.