റോഡില് കിടന്ന് പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി; രാഹുലിനെ തൂക്കിയെടുത്ത് പോലീസ്; ഡല്ഹിയില് പ്രതിഷേധത്തീ

ടെല് അവീവ്: കോക്പിറ്റില് പൈലറ്റ് ആക്രമിക്കപ്പെട്ട ശേഷം ഫ്ളൈ ദുബായ് വിമാനം ടെല് അവീവിലേക്ക് പറക്കുന്നത് തുടര്ന്നിരുന്നെങ്കില് ഇസ്രയേല് വെടിവെച്ചുവീഴ്ത്താന് തയാറെടുത്തിരുന്നതായി റിപ്പോര്ട്ട്. ഇതിനായി യുദ്ധവിമാനങ്ങള് സജ്ജമാക്കിയിരുന്നതായും ഇസ്രായേല് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
ഫ്ളൈ ദുബൈ വിമാനവുമായി ബന്ധപ്പെടാന് ഇസ്രയേല് വ്യോമസേന ശ്രമിച്ചിരുന്നെങ്കിലും തിരിച്ച് പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ കമാന്ഡ് സെന്റര് സ്ഥാപിക്കുകയും ഇസ്രയേല് വ്യോമപരിധി അടയ്ക്കുകയും യുദ്ധവിമാനങ്ങളെ സജ്ജമാക്കുകയും ചെയ്തു. വിമാനം ഇസ്രയേലിന് നേര്ക്കുനിന്ന് മാറി സൗദിയിലേക്ക് വഴിതിരിഞ്ഞതോടെ യുദ്ധവിമാനങ്ങളെ ഇസ്രയേല് തിരിച്ചുവിളിച്ചു. അതേസമയം, വിമാനം ടെല് അവീവിന് നേര്ക്ക് പറക്കുന്നത് തുടര്ന്നിരുന്നെങ്കില് സ്ഥി മാറിയേനെ. വിമാനത്തിന് സമീപത്തേക്ക് എത്താന് ഇസ്രയേല് യുദ്ധവിമാനങ്ങള് ശ്രമിക്കുകയും കോക്പിറ്റിലെ സ്ഥിതി എന്താണെന്ന് മനസ്സിലാക്കാന് ശ്രമിക്കുകയും ചെയ്യുമായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയാണോയെന്നതും അല്ലെങ്കില് എന്ത് അടിയന്തരസാഹചര്യമാണ് നേരിടുന്നത് എന്ന് മനസ്സിലാക്കാനുമാണ് ഇങ്ങനെ ചെയ്യുക.
വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയും അക്രമികളില്നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, വിഷയം ഇസ്രയേല് പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും പരിഗണനയ്ക്ക് വിടുകയും ചെയ്യും. വിമാനം വെടിവെച്ചിടണോ എന്നതില് അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം പ്രധാനമന്ത്രിക്കാണ്.
സെപ്റ്റംബര് മുപ്പതിന് ദുബൈയില് നിന്ന് ടെല് അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബൈ വിമാനത്തിന്റെ കോക്പിറ്റിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. ഒമാനി പൈലറ്റ് ഹമാമി, ഇന്ത്യക്കാരനും ക്യാപ്റ്റനുമായ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന് ശ്രമിക്കുകയായിരുന്നു. എന്നാല് സ്മിത്തിന്റെ സമയോചിതമായ ഇടപെടല് ഹൈജാക്ക് ചെയ്യാനുള്ള നീക്കം തടഞ്ഞു. ജീവനക്കാരുള്പ്പെടെ 182 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില് 150 പേരും ഇസ്രയേലികളായിരുന്നു.