യുദ്ധ വെല്ലുവിളികള്‍ക്കിടയില്‍ ഇറാന് ജനത നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയിലും കാര്യക്ഷമമായും ലഭ്യമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ജിഡിആര്‍എഫ്എ ദുബൈ. ഡിജിറ്റല്‍ സൊല്യൂഷന്‍സ്, ഡാറ്റ അനലിറ്റിക്സ് രംഗത്തെ ആഗോള സ്ഥാപനമായ SASുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജിഡിആര്‍എഫ്എ ദുബൈ ഉദ്യോഗസ്ഥ സംഘം SASല്‍ സന്ദര്‍ശനം നടത്തി.
സന്ദര്‍ശനത്തില്‍ ഏജന്റിക് എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ പ്രായോഗികമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒരു ലക്ഷ്യം മനസ്സിലാക്കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്വയം ആസൂത്രണം ചെയ്യാനും വിവിധ സംവിധാനങ്ങളുമായും ഡാറ്റയുമായും ഇടപെട്ട് ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികള്‍ നിര്‍വഹിക്കാനും കഴിയുന്ന എഐ സംവിധാനമാണ് ഏജന്റിക് എഐ. സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ലളിതമാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും വേഗത്തിലും കൃത്യതയിലും തീരുമാനമെടുക്കാനും ഇത് സഹായിക്കും.
വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സഞ്ചാരം തത്സമയം വിശകലനം ചെയ്യുന്ന സംവിധാനങ്ങള്‍, കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എഐ ഡ്രോണുകള്‍, ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യ, ഇന്റലിജന്റ് നോളജ് ബേസുകള്‍, നൂതന നിരീക്ഷണവിശകലന സംവിധാനങ്ങള്‍ എന്നിവയും സംഘം പരിചയപ്പെട്ടു. അതിര്‍ത്തി നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനുമുള്ള ഇവയുടെ സാധ്യതകളും പരിശോധിച്ചു. സഹകരണത്തിന്റെ അടുത്ത ഘട്ടമായി തിരഞ്ഞെടുത്ത മേഖലകളില്‍ പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് പദ്ധതികള്‍ വികസിപ്പിക്കും. ജിഡിആര്‍എഫ്എ ദുബൈയുടെ വിവിധ മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക ശില്പശാലകള് സംഘടിപ്പിച്ച് പ്രവര്‍ത്തന ആവശ്യങ്ങള്‍ തിരിച്ചറിയുകയും അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങള്‍ വിലയിരുത്തുകയും ചെയ്യും. തിരഞ്ഞെടുത്ത പദ്ധതികളുടെ ഫലങ്ങള്‍ GITEX GLOBAL 2026ല്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തനം പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും ചെയ്യുന്ന സ്ഥാപന സമീപനമായി അത് മാറിയിട്ടുണ്ടെന്നും ജിഡിആര്‍എഫ്എ ദുബൈ ഡിജിറ്റല്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ എക്സ്പേര്‍ട്ട് ഖാലിദ് അഹമ്മദ് ബിന്‍ മാദിയ അല്‍ ഫലാസി പറഞ്ഞു. ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ പുതിയ സാങ്കേതികവിദ്യകളെ യഥാര്‍ഥ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുള്ള പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.