യുദ്ധ വെല്ലുവിളികള്‍ക്കിടയില്‍ ഇറാന് ജനത നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ടെഹ്റാന്: ഭരണകൂടം വെല്ലുവിളികള്‍ ഉയര്‍ത്തി പടപ്പുറപ്പാട് നടത്തുമ്പോള്‍ ഇറാനിലെ സാധാരണ ജനത കടുത്ത ആശങ്കയിലാണ്. മാസങ്ങള്‍ നീണ്ട യുദ്ധം ആഭ്യന്തരമായി രാജ്യത്തെ തകര്‍ത്തതിന് പുറമെ, ഏറ്റവുമൊടുവില്‍ യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച ഇക്കണോമിക് ഡി-ഡേ ഇറാനെ സാമ്പത്തിക കുരുക്കിലേക്കെത്തിച്ചിരിക്കുകയാണ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനവും കടുത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. ഇതുവരെ ഒരു എതിരാളിക്കെതിരെ നടത്തിയ ഏറ്റവും വലിയ സാമ്പത്തിക ആക്രമണം ആയിരിക്കുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചരക്ക് നീക്കം നിലച്ചതോടെ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ബോംബാക്രമണങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്ക്കൊപ്പം ഇപ്പോള്‍ വില്‍ക്കാനുള്ള സാധനങ്ങള്‍ പോലും ലഭിക്കുമോ എന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെക്കുന്നു. അമേരിക്കന്‍ സാമ്പത്തിക ഉപരോധം കൂടാതെ യുഎഇയുടെ തീരുമാനവും തിരിച്ചടിയായി. ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായിരുന്ന യുഎഇ ഇറാനുമായുള്ള വ്യാപാരസാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ചത് ഇറാനിലെ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയായി. യുദ്ധ വേളയില്‍ ഏറ്റവുമധികം മിസൈല്‍ ഡ്രോണ്‍ ആക്രമണം നേരിട്ടത് യുഎഇയാണ്. മാസങ്ങളോളം യുഎഇ ക്ഷമിച്ചു. നിരവധി തവണ ആക്രമണത്തെ അപലപിക്കുകയും, ഇറാനോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കുറച്ചു സമയത്തേക്ക് ആക്രമണം നിര്‍ത്തിയെങ്കിലും യുഎഇയുടെ ഉടമസ്ഥതയിലുള്ള അഡ്നോക് കമ്പനിയുടെ എണ്ണക്കപ്പലുകള്‍ക്കെതിരെ ഇറാന് ഏകപക്ഷീയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അതിലും അവസാനിപ്പിക്കാതെ കഴിഞ്ഞ ആഴ്ച മിസൈല്‍ വിക്ഷേപണവും നടത്തി. യുഎഇയുടെ സമുദ്രസഞ്ചാരത്തെ തടയുകയായിരുന്നു ലക്ഷ്യം. ഇത്രയുമായപ്പോഴാണ് യുഎഇ, ഇറാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രാചീന കാലം മുതല്‍ യുഎഇയുമായി ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായിരുന്നു ഇറാന്. നിരവധി ഇറാനികള്‍ ദീര്‍ഘകാലമായി യുഎഇയില്‍ കച്ചവടം നടത്തിവരുന്നു. ഇപ്പോള്‍ രാഷ്ട്രീയ സ്ഥിതി മോശമായതോടെ കച്ചവട ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചു. യുഎഇയില്‍ നിന്നുള്ള ഇറക്കുമതികളെ ആശ്രയിക്കുന്ന നിരവധി ഇറാനിയന്‍ വ്യാപാരികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ഇത് കൂടാതെ ഇറാന് റിയാല്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇറാന്റെ കറന്‍സിയായ റിയാല്‍ ഒരു യുഎസ് ഡോളറിന് 20 ലക്ഷത്തിലധികം റിയാല്‍ എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി. സംഘര്‍ഷത്തിന് മുമ്പ് ഏകദേശം 16.5 ലക്ഷം റിയാല്‍ ആയിരുന്നു ഡോളറിന്റെ വില.
റിയാലിന്റെ തകര്‍ച്ച ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെയും ഭക്ഷണത്തിന്റെയും വില കുത്തനെ ഉയര്‍ത്തുകയാണ്. പാചക എണ്ണയുടെ വില ഒരു വര്‍ഷത്തിനിടെ ഏകദേശം 400% വര്‍ധിച്ചു. മാംസവില കിലോയ്ക്ക് 15 ഡോളര്‍ വരെയെത്തി. വാര്‍ഷിക പണപ്പെരുപ്പം 80%ത്തിലധികമായി. തൊഴിലില്ലായ്മ 9.1% ആയി ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണ വരുമാനം പൂജ്യത്തിലേക്ക് താഴ്ന്നു. ഇറാന്റെ എണ്ണ കയറ്റുമതി കടുത്ത നിയന്ത്രണത്തിലായതിനാല്‍ എണ്ണവില്‍പ്പനയില്‍ നിന്നുള്ള വരുമാനം പൂജ്യത്തിലേക്ക് താഴ്ന്നതായി ഇറാന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദൊല്നാസര് ഹിമ്മതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദേശനാണയ ശേഖരത്തിലേക്കുള്ള പ്രവേശനവും കൂടുതല്‍ ബുദ്ധിമുട്ടായതായി അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണക്കടത്ത്, ക്യാഷ് കൈമാറ്റം, കറന്‍സി എക്സ്ചേഞ്ചുകള്‍, കപ്പല്‍ രജിസ്ട്രികള്‍, ഷെല്‍ കമ്പനികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ക്ക് സഹായം നല്കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഉപരോധത്തെ നേരിടാന്‍ നിലവില്‍ ഇറാന്റെ മുന്നില്‍ ചര്‍ച്ചയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അമേരിക്കയോടൊപ്പം മറ്റു രാജ്യങ്ങളും ഉപരോധത്തിന് പിന്തുണ നല്കിയാല് ഇറാനില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, ഇറക്കുമതി പ്രതിസന്ധി, കറന്‍സി തകര്‍ച്ച, സാധനങ്ങളുടെ ക്ഷാമം എന്നിവ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണ് ഉയരുന്നത്. ഇറാനിലെ സാധാരണക്കാരെയാണ് ഈ പ്രതിസന്ധി സാരമായി ബാധിക്കുക.