സിപിഎമ്മില്‍ ശുദ്ധീകരണം വേണമെന്ന് പി.ജയരാജന്

മസ്കത്ത്: ഒമാനും യുഎഇയും തമ്മില്‍ റെയില്‍വേ ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഔദ്യോഗിക അംഗീകാരം നല്കി. ഇതോടെ $2.5 ബില്യണ്‍ ഹഫീത് റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. റോയല്‍ ഡിക്രി 75/2026 പ്രകാരമാണ് കരാര്‍ അംഗീകരിച്ചത്. 2026 ജൂണ്‍ 21ന് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചിരുന്നു. സെപ്റ്റംബര്‍ 3 മുതല്‍ ഡിക്രി പ്രാബല്യത്തില്‍ വന്നു. ഹഫീത് റെയില്‍ എന്ന സംയുക്ത സംരംഭമാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവയാണ് പ്രധാന പങ്കാളികള്‍. പദ്ധതിയിലെ 238 കിലോമീറ്റര്‍ റെയില്‍പാത ഒമാനിലെ സോഹാറിനെ യുഎഇ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കും. അല്‍ ബുറൈമി, അല്‍ ഐന്‍ വഴിയായിരിക്കും ഒമാനിലേക്കുള്ള റെയില്‍പാത കടന്നുപോകുന്നത്.
അബുദാബിയില്‍ നിന്നും സോഹാറിലേക്ക് 100 മിനിറ്റില്‍ എത്തിച്ചേരാനാവും. ചരക്കു ഗതാഗതവും യാത്രാ ട്രെയിനും ഉണ്ടാവും. യാത്രാ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന തരത്തിലാണ് റെയില്‍ നിര്‍മാണം. സോഹാര്‍-അബുദാബി ഏകദേശം 100 മിനിറ്റും, സോഹാര്‍-അല്‍ ഐന്‍ ഏകദേശം 47 മിനിറ്റിലും എത്തിച്ചേരാം. ഓരോ ട്രെയിനിലും 350മുതല്‍ 400 വരെ യാത്രക്കാരെ വഹിക്കാനാവും. ചരക്ക് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയുണ്ടാവും. ഒരു ചരക്ക് ട്രെയിനില്‍ 15,000 ടണ്ണിലധികം ചരക്ക് വഹിച്ച്, ഏകദേശം 270 കണ്ടെയ്നറുകള്‍ വരെ കൊണ്ടുപോകാനാവും. ഈ പദ്ധതിയുടെ നിര്‍മാണം 40% പൂര്‍ത്തിയായിട്ടുണ്ട്.
ഹഫീത് റെയില്‍ ഏപ്രിലില്‍ പുറത്തുവിട്ട കണക്കനുസരിച്ച് പദ്ധതിയുടെ 40 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അല്‍ ഐന്‍, അല്‍ ബുറൈമി, സോഹാര്‍, വാദി അല്‍ ജിസി മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പര്‍വതപ്രദേശങ്ങള്‍, നഗരവ്യവസായ മേഖലകള്‍, ആഴത്തിലുള്ള വാദികള്‍ എന്നിവയിലൂടെ പാത കടന്നുപോകുന്നതിനാല്‍ പാലങ്ങള്‍, തുരങ്കങ്ങള്‍, വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വലിയ അടിസ്ഥാന സൗകര്യ നിര്‍മാണമാണ് നടക്കുന്നത്. ഇതിനകം 27 ദശലക്ഷത്തിലധികം ക്യുബിക് മീറ്റര്‍ മണ്ണുപണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയില്‍ ഏകദേശം 2.5 കിലോമീറ്റര്‍ തുരങ്കങ്ങളും നിരവധി പാലങ്ങളും ഉള്‍പ്പെടും.
ഈ പദ്ധതിയിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നിര്‍ണായക റെയില്‍ ബന്ധം കൈവരിക്കുകയാണ്. ഏകദേശം $2.5 ബില്യണ്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രാദേശികവും അന്തര്‍ദേശീയവുമായ ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്ന് $1.5 ബില്യണ്‍ ധനസഹായവും ലഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പുതിയ അതിര്‍ത്തി കടന്നുള്ള റെയില്‍ സൗകര്യം നല്കുന്നതിനു പുറമെ, സോഹാര്‍ തുറമുഖം, ഒമാന്‍ വ്യവസായ മേഖലകള്‍, യുഎഇയുടെ ലോജിസ്റ്റിക് ശൃംഖല എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന ചരക്ക് ഗതാഗത ഇടനാഴിയായും ഹഫീത് റെയില്‍ മാറും. ഖനനം, സ്റ്റീല്‍, പെട്രോകെമിക്കല്‍സ്, കൃഷി, ഭക്ഷണം, റീട്ടെയില്‍, ഇകൊമേഴ്സ് തുടങ്ങിയ മേഖലകള്‍ക്ക് റെയില്‍ ബന്ധം വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഹഫീത് റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ ഒമാനും യുഎഇയും തമ്മിലുള്ള യാത്രയും ചരക്ക് ഗതാഗതവും കൂടുതല്‍ വേഗത്തിലാകുകയും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള റെയില്‍ ബന്ധത്തിന് പുതിയ ഘട്ടം തുറക്കുകയും ചെയ്യും.