യുഎഇ ഭരണാധികാരികള്‍ ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ആര്.സി.സി ഡയറക്ടര്‍ ഡോ. രജനീഷ് കുമാറിന് ഹോപ്പ് ചെയര്മാന് കെ.കെ. ഹാരിസ് ധാരണാ പത്രത്തിന്റെ ലോഗോ കൈമാറുന്നു
ദുബൈ: കേരളത്തിലെ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്നതിനായി ദുബൈ കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് തിരുവനന്തപുരത്തെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററുമായി (RCC) ഹോപ്പ് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ആര്.സി.സി ഡയറക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആര്.സി.സി ഡയറക്ടര്‍ ഡോ. രജനീഷ് കുമാറും ഹോപ്പ് ചെയര്മാന് കെ.കെ ഹാരിസും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ഗുരുപ്രസാദ്, ഹോപ്പ് ഡയറക്ടര്‍ ഹാഷിം അബൂബക്കര്‍, സീനിയര്‍ അഡ്മിന് മാനേജര്‍ ഹസനുല്‍ ബന്ന തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക ബാല്യകാല കാന്‍സര്‍ ബോധവല്‍ക്കരണ മാസമായ സെപ്റ്റംബറില്‍ ഹോപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ആര്.സി.സിയുമായുള്ള സഹകരണം വിപുലീകരിക്കുന്നത്. ആശുപത്രിയിലെ കുട്ടികളുടെ കാന്‍സര്‍ ചികിത്സാ സംവിധാനവുമായി ഹോപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ധാരണ പ്രകാരം ആര്.സി.സിയിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ഹോപ്പ് നേരിട്ട് ലഭ്യമാക്കും. കാന്‍സര്‍ ചികിത്സയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ചികിത്സയ്ക്കിടെ ആവശ്യമായ സാമൂഹിക, മാനസിക, ശാരീരിക പിന്തുണകള്‍ ഇതിലൂടെ ഉറപ്പാക്കും.
കേരളത്തിലെ കാന്‍സര്‍ ബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ താമസം, ഭക്ഷണം, യാത്രാസഹായം, പോഷക പിന്തുണ, കൗണ്‍സലിങ്, സാമ്പത്തിക സഹായം തുടങ്ങിയ സേവനങ്ങളും ഹോപ്പ് നല്കിവരുന്നു. ആശുപത്രികള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോപ്പ് ഹോമുകള്‍ ചികിത്സാ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീടുപോലെയുള്ള താമസസൗകര്യമാണ് ഒരുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മുക്കം, തലശ്ശേരി എന്നിവിടങ്ങളിലായി ഹോപ്പ് ഹോം സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് പുറത്തും പ്രവര്‍ത്തനം വ്യാപിപ്പിച്ച ഹോപ്പ്, ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ബാല്യകാല കാന്‍സര്‍ പിന്തുണാ സേവനങ്ങള്‍ നല്കിവരുന്നു. 2016ല്‍ ആരംഭിച്ച ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ആര്.സി.സിയുമായുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കൊപ്പം കുടുംബത്തിന്റെ സാമൂഹികവും മാനസികവുമായ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് സമഗ്രമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോപ്പിന്റെ ലക്ഷ്യം.