ഹോര്‍മുസില്‍ ഖസബിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം; ജീവനക്കാര്‍ സുരക്ഷിതര്‍

ദുബൈ: ഏകപക്ഷീയമാ ആക്രമണങ്ങള്‍ യുഎഇയും ഇറാനും തമ്മിലുള്ള വിശ്വാസം ഗുരുതരമായ രീതിയില്‍ തകര്‍ത്തതായി യുഎഇ നയതന്ത്രജ്ഞന് ഡോ.മുഹമ്മദ് ഇബ്രാഹിം അല്‍ദഹേരി പറഞ്ഞു. ഇറാന് യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ആക്രമിച്ച് ആറ് മാസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അല്‍ദഹേരിയുടെ പ്രസ്താവന. വാക്കുകള്‍ കൊണ്ടുള്ള ഉറപ്പുകള്‍ക്കപ്പുറം യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളുമാണ് ഇറാനില്‍ നിന്നും നേരിടേണ്ടിവന്നത്. ഇത്തരം സാഹചര്യത്തില്‍ വാക്കാലുള്ള ഉറപ്പുകള്‍ക്ക് ഇനി തന്ത്രപ്രധാനമായ മൂല്യമില്ല. ഭാവിയിലെ സുരക്ഷാ ധാരണകളും മറ്റും വ്യക്തമായതും നടപ്പാക്കാവുന്നതുമായ, സ്വതന്ത്രമായി പരിശോധിക്കാവുന്ന ഉറപ്പുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ ഗതാഗതം വിട്ടുവീഴ്ചയില്ലാത്ത വിഷയമാണെന്ന് യുഎഇ വ്യക്തമാക്കി. ഇറാനുമായി ഭാവിയില്‍ നടക്കുന്ന പ്രാദേശിക സുരക്ഷാ ചര്‍ച്ചകളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് നേരിട്ട് പ്രാതിനിത്യം വേണം. ആണവശേഷി, ബാലിസ്റ്റിക് മിസൈലുകള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, പ്രോക്സി ശൃംഖലകള്‍, സമുദ്രസുരക്ഷ എന്നിവ ഒറ്റ സമഗ്ര ചട്ടക്കൂടില്‍ പരിഗണിക്കണം. ചര്‍ച്ചകള്‍ തുടരുന്നത് മാത്രം പുരോഗതിയായി കണക്കാക്കാനാകില്ല, അളക്കാവുന്ന ഫലങ്ങളും അതിന്റെ കൃത്യമായ പാലനവും ഉണ്ടാകുമ്പോഴാണ് സംഭാഷണത്തിന് അര്‍ത്ഥമെന്ന് അല്‍ ദഹേരി പറഞ്ഞു.
വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന് അവസാനിപ്പിക്കുക, അയല്‍രാജ്യങ്ങള്‍ക്കെതിരായ നേരിട്ടും പ്രോക്സികളിലൂടെയുമുള്ള ആക്രമണങ്ങള്‍ നിര്‍ത്തുക, സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുക, ബാധകമായും സ്വതന്ത്രമായി ഓഡിറ്റ് ചെയ്യാവുന്നതുമായ സുരക്ഷാ ക്രമീകരണങ്ങള്‍ അംഗീകരിക്കുക എന്നിവയാണ് യുഎഇ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. അതേസമയം, പ്രതിസന്ധിക്കിടെ പോലും നയതന്ത്ര ചാനലുകള്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും തെറ്റായ കണക്കുകൂട്ടലുകള്‍ ഒഴിവാക്കാന്‍ ആശയവിനിമയം തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് മാസത്തെ സംഘര്‍ഷത്തിന് ശേഷം ഇറാനുമായുള്ള ബന്ധത്തില്‍ പഴയ വിശ്വാസം തിരിച്ചുപിടിക്കാന്‍ വാക്കുകള്‍ മാത്രം പോരെന്നും, പ്രായോഗിക നടപടികളും പരിശോധിക്കാവുന്ന സുരക്ഷാ ഉറപ്പുകളും ആവശ്യമാണെന്നുമാണ് യുഎഇയുടെ നിലപാട്.