ഇറാനെതിരെ വീണ്ടും ആക്രമണം നടത്തേണ്ട സാഹചര്യമില്ല: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ വേഗം കൂടിയതോടെ, ഇറാനെതിരെ വീണ്ടും ആക്രമണം നടത്തേണ്ട സാഹചര്യമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുഎസ് ഉപരോധവും സാമ്പത്തിക സമ്മര്‍ദവും കാരണം ഇറാന്റെ സാമ്പത്തിക മേഖല തകര്‍ന്നടിയുകയാണെന്നും അതിനാല്‍ ഇനി വലിയ സൈനിക നീക്കങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് റൂബിയോയുടെ പ്രസ്താവന.
എട്ടുമാസമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണുന്നതില്‍ അനുകൂലമായ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സെക്രട്ടറിയുടെ പ്രതികരണം പുറത്തുവന്നത്.
യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും രംഗത്തെത്തി. നിലവിലെ യുദ്ധസമാനമായ നിശ്ചലാവസ്ഥ ലോകരാജ്യങ്ങളുടെ സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് ചൂണ്ടിക്കാട്ടി. പോരാട്ടം അവസാനിപ്പിക്കാനും ഇറാന് ആണവായുധം നേടുന്നത് തടയാനും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.