ഹൂതി ആക്രമണങ്ങളെ യുഎന് അപലപിച്ചു; ഫ്രാന്സും ബ്രിട്ടനും സൗദിക്ക് പ്രതിരോധ സഹായം നല്കും

റിയാദ്: ‘ഈസ്റ്റ്-വെസ്റ്റ്’ എണ്ണ പൈപ്പ് ലൈന് പ്രവര്ത്തനം പുനരാരംഭിച്ചതായി സൗദി അറേബ്യ. ഹൂതി ആക്രമണ ഭീഷണിയെ തുടര്ന്ന് താല്ക്കാലികമായി നിര്ത്തിവെച്ചിരുന്ന യന്ബു തുറമുഖത്തു നിന്ന് ചെങ്കടല് വഴിയിലൂടെയുള്ള എണ്ണ വിതരണവും കയറ്റുമതിയും വീണ്ടും സാധാരണ നിലയിലാക്കാന് ഈ നീക്കം സഹായിക്കുമെന്ന് അധികൃതര് അറിയിച്ചു. കിഴക്കന് പ്രവിശ്യയിലെ പ്രധാന എണ്ണപ്പാടങ്ങളില് നിന്ന് ചെങ്കടല് തീരത്തുള്ള യന്ബു തുറമുഖത്തേക്ക് പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല് ക്രൂഡ് ഓയില് എത്തിക്കുന്ന സൗദി അറേബ്യയുടെ ഏറ്റവും തന്ത്രപ്രധാനമായ പൈപ്പ് ലൈന് ശൃംഖലയാണിത്. ഹൂതി ആക്രമണത്തെത്തുടര്ന്ന് പൈപ്പ്ലൈന് പ്രവര്ത്തനം നിര്ത്തിവയ്ക്കുകയായിരുന്നു.
പേര്ഷ്യന് ഉള്ക്കടലിലെ സംഘര്ഷവും ഹോര്മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളും ഒഴിവാക്കി, ചെങ്കടല് വഴി അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് ക്രൂഡ് ഓയില് എത്തിക്കാന് സൗദി അറേബ്യയെ സഹായിക്കുന്നതാണ് ഈ പൈപ്പ് ലൈന് സംവിധാനം. പൈപ്പ് ലൈനിന് നേരെ മുന്പ് നടന്ന അപ്രതീക്ഷിത ആക്രമണങ്ങളുടെയും ചെങ്കടലിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളുടെയും പശ്ചാത്തലത്തില്, പൈപ്പ് ലൈനിന്റെയും യന്ബു തുറമുഖത്തെ അനുബന്ധ ടെര്മിനലുകളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പൈപ്പ് ലൈന് പുനസ്ഥാപിക്കാനുള്ള സൗദി അറേബ്യന് എണ്ണക്കമ്പനിയായ അരാംകോയുടെ നീക്കം ആഗോള ഇന്ധന വിപണിയിലെ അനിശ്ചിതത്വങ്ങള് കുറയ്ക്കാനും അന്താരാഷ്ട്ര തലത്തില് ക്രൂഡ് ഓയില് വില പിടിച്ചു നിര്ത്താനും സഹായിക്കും.