വിമാന-റെയില്‍ യാത്ര ഒറ്റ ബുക്കിങ്ങില്‍; ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും കരാര്‍ ഒപ്പുവച്ചു

ആശയവിനിമയം, പെരുമാറ്റം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയില്‍ വ്യക്തമായ ഉത്തരവാദിത്തങ്ങള്‍
ദുബൈ: യുഎഇയിലെ സ്വകാര്യ സ്കൂളുകളില്‍ മാതാപിതാക്കള്‍ പെരുമാറ്റച്ചട്ടത്തില്‍ (Behaviour Charter) ഒപ്പിടണമെന്ന് നിര്‍ദേശം. കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുകയും ആശയവിനിമയത്തിനും പെരുമാറ്റത്തിനും കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുന്നതാണ് പുതിയ ചട്ടം. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, ക്ഷേമം, വ്യക്തിത്വവികസനം എന്നിവയില്‍ മാതാപിതാക്കള്‍ക്കും സ്കൂളുകള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ആശയം ശക്തിപ്പെടുത്തുന്നതാണ് ചാര്‍ട്ടര്‍. പരസ്പര ബഹുമാനം, സഹകരണം, ഉത്തരവാദിത്തബോധം എന്നിവയിലൂടെ സുരക്ഷിതവും അനുകൂലവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഏകദേശം 20 വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ചട്ടപ്രകാരം അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സുരക്ഷാ ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍, സഹമാതാപിതാക്കള് എന്നിവരോട് മാന്യമായി പെരുമാറാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. സ്കൂളിന്റെ നയങ്ങളും നടപടിക്രമങ്ങളും പാലിക്കുകയും വേണം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ സംസാരിക്കുകയും പെരുമാറുകയും വേണം. പരാതികളും ആശങ്കകളും ഉയര്‍ന്ന ശബ്ദത്തിലോ അധിക്ഷേപകരമായ ഭാഷയിലോ സാമൂഹിക പദവി ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയോ അപമാനിച്ചോ ഉന്നയിക്കാന്‍ പാടില്ല. സ്കൂള്‍ നയങ്ങള്‍ക്കും വിദ്യാഭ്യാസ അതോറിറ്റിയുടെ ചട്ടങ്ങള്‍ക്കും യുഎഇയുടെ സാംസ്കാരിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ചാര്‍ട്ടര്‍ നിര്‍ദേശിക്കുന്നു.
കുട്ടികളുടെ ഉത്തരവാദിത്തവും മാതാപിതാക്കള്‍ക്ക്
കുട്ടികളുടെ അനുചിതമായ പെരുമാറ്റം, സംഘര്‍ഷം, സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ മാതാപിതാക്കള്‍ സഹകരിക്കണം. കുട്ടികളുടെ സ്ഥിരമായ സ്കൂള്‍ ഹാജര്‍ ഉറപ്പാക്കുകയും പഠനകാലത്ത് അനാവശ്യ അവധിയാത്രകള്‍ ഒഴിവാക്കുകയും വേണം. കുട്ടികള്‍ക്ക് മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതും വീട്ടിലിരുന്നുള്ള പഠനത്തില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ആവശ്യത്തിലധികം സഹായം നല്‍കുന്നത് ഒഴിവാക്കണം. വ്യാജ വിവരങ്ങള്‍, കൃത്രിമ രേഖകള്‍, തെറ്റായ ഹാജര്‍ കാരണങ്ങള്‍ എന്നിവ സമര്‍പ്പിക്കാനും പാടില്ല. ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കള്അധ്യാപക യോഗങ്ങളിലും പങ്കെടുക്കണം.
ചട്ടം ലംഘിച്ചാല്‍ പ്രവേശനം നിയന്ത്രിക്കാം
പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ അവഗണിക്കുകയോ ആവര്‍ത്തിച്ച് ലംഘിക്കുകയോ ചെയ്യുന്ന മാതാപിതാക്കളോട് സ്കൂള്‍ പരിസരത്ത് നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടാനും സ്കൂളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടാകും. അതേസമയം, മാതാപിതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങളും പിന്തുണയും സ്കൂളുകള്‍ നല്‍കണം. അധ്യാപകര്‍ക്ക് പുറമെ കൗണ്‍സിലര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഇന്‍ക്ലൂഷന്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയ വിദ്യാര്‍ഥി പിന്തുണാ ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സംവിധാനവും ഒരുക്കണം. കുട്ടികളുടെ പഠനത്തിലോ പെരുമാറ്റത്തിലോ ആശങ്കകള്‍ ഉണ്ടാകുമ്പോള്‍ മാതാപിതാക്കളെ സ്കൂളുകള്‍ അറിയിക്കണം. സാധാരണ സമയങ്ങളിലെ ജീവനക്കാരുടെ പ്രതികരണ സമയത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ ബദല്‍ ബന്ധപ്പെടല്‍ സംവിധാനവും ഒരുക്കണമെന്നും ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു.