യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വീണ്ടും ടെന്‍ഡര്‍

എന്‍.എ.എം ജാഫര്‍
ഫലസ്തീനിലെ മനുഷ്യപ്രതിസന്ധിക്ക് പിന്നാലെ യമനിലും ലക്ഷക്കണക്കിന് ആളുകള്‍ കടുത്ത ജീവിത പ്രതിസന്ധിയിലേക്ക്. സാമ്ര്യാജ്യത്വ ശക്തികളും കൂട്ടാളികളും ഗള്‍ഫ് മേഖലയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഫലസ്തീനില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ വംശഹത്യക്കെതിരെ ലോകത്ത് ആര്‍ക്കും ശബ്ദമുയര്‍ത്താനോ പ്രതിരോധിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഓരോ രാജ്യങ്ങളും അവരവരുടെ സുരക്ഷക്കപ്പുറത്തേക്ക് നോക്കാനാവാതെ കുഴയുമ്പോള്‍ ആയുധബലമില്ലാത്ത സ്ഥലങ്ങളിലെ സാധാരണ ജനങ്ങള്‍ പേറുന്ന ദുരിതങ്ങള്‍ക്ക് അന്ത്യമുണ്ടാവുന്നില്ല. ഗസ്സയില്‍ മാത്രം ഇതിനകം ഒരു ലക്ഷത്തില്‍പരം ആളുകള്‍ കൊല്ലപ്പെട്ടുവെങ്കിലും ഒന്നും ചെയ്യാനാവാതെ ഐക്യരാഷ്ട്രസഭയും മറ്റും നോക്കി നില്‍ക്കുകയാണ്. യുദ്ധസാഹചര്യത്തിനുള്ള രാഷ്ട്രീയ അവസ്ഥക്ക് മാറ്റമുണ്ടെങ്കിലും സമാനമായ മാനുഷിക അവസ്ഥയാണ് യമനിലും ഉള്ളത്. ആഭ്യന്തരയുദ്ധം മൂലം പൊറുതി മുട്ടിയ യമന്‍ ജനത എങ്ങോട്ട് പോകുമെന്നറിയാതെ കടുത്ത ദുരിതത്തിലാണ്. ഇതിനകം നിരവധിയാളുകള്‍ പിറന്ന ഭൂമി കൈയ്യൊഴിഞ്ഞ് കടല്‍ കടന്ന് മറ്റു രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.
യമനില്‍ ഓഗസ്റ്റ് ആദ്യം മുതല്‍ 1.38 ലക്ഷത്തിലധികം പേര് വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ പകുതിയിലധികവും കുട്ടികളാണ്. 2022ലെ വെടിനിര്‍ത്തലിന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ തരംഗമാണിതെന്ന് യുഎന്‍ വ്യക്തമാക്കി. വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ ഏറ്റവും വലിയ ആഘാതം സ്ത്രീകള്‍ക്കും കുട്ടികള്ക്കുമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറയുന്നു. എവിടെയും ഇതുതന്നെയാണ് സ്ഥിതി. യുദ്ധവും സംഘര്‍ഷവും ഏറ്റവും കൂടുതല്‍ ആഘാതമേല്പിക്കുക സ്ത്രീകളെയും കുട്ടികളെയുമാണ്. യമനില്‍ ഏറ്റവുമൊടുവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഏകദേശം 3,000 ഗര്‍ഭിണികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവര്‍ക്ക് ജീവന്‍രക്ഷാ ചികിത്സ ലഭിക്കുന്നില്ലെന്നും ഇവരില്‍ ഏകദേശം 200 പേര് ഈ മാസം പ്രസവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎന്‍ വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സഹായം നല്കുന്ന സംഘടനകളുടെ അടിസ്ഥാന കിറ്റുകളും ഇവിടെ തീര്‍ന്നിരിക്കുകയാണ്. ദുരിതാശ്വാസ സഹായങ്ങളെപോലും തടയുന്ന ഏറ്റവും മോശപ്പെട്ട യുദ്ധസാഹചര്യത്തിലാണ് ലോകമുള്ളത്. ആരെയും എങ്ങനെയും എവിടെയും കൊല്ലാമെന്ന സ്ഥിതിവിശേഷം.
22 ലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവില്‍
പുതിയ സംഘര്‍ഷം യമനിലെ നേരത്തേ തന്നെ ഗുരുതരമായിരുന്ന പോഷകാഹാര പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. രാജ്യത്ത് അഞ്ചുവയസ്സിന് താഴെയുള്ള 22 ലക്ഷത്തിലധികം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായി യുഎന്‍ പറയുന്നു. ഇതില്‍ 5 ലക്ഷത്തിലധികം കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവിലാണ്. യൂണിസെഫ് അടുത്തിടെ നടത്തിയ പരിശോധനയില്‍ ഏകദേശം 2,900 കുട്ടികളില്‍ നാലിലൊന്നിലധികം പേര്‍ക്ക് കടുത്ത പോഷകാഹാരക്കുറവ് കണ്ടെത്തി. 200ലധികം കുട്ടികള്‍ ഗുരുതരമായ അവസ്ഥയിലാണ്. ലോകാരോഗ്യ സംഘടന വിലയിരുത്തിയ 5,400ലധികം ആരോഗ്യകേന്ദ്രങ്ങളില്‍ അഞ്ചില്‍ മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് പൂര്‍ണമായി പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ശേഷം യുഎന്നും പങ്കാളി സംഘടനകളും ഏകദേശം 1 ലക്ഷം പേര്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്. എന്നാല്‍ സഹായ സാമഗ്രികള്‍ കുറഞ്ഞുവരികയാണെന്നും കൂടുതല്‍ ധനസഹായവും സുരക്ഷിതവും തുടര്‍ച്ചയായതുമായ പ്രവേശനവും അടിയന്തരമായി ആവശ്യമാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
1.37 ലക്ഷം വിദ്യാര്‍ഥികള്‍ സ്കൂളിന് പുറത്ത്
സംഘര്‍ഷത്തെ തുടര്‍ന്ന് ഏകദേശം 250 സ്കൂളുകള്‍ അടച്ചുപൂട്ടിയതോടെ 1.37 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍നിന്ന് പുറത്തായതായി യുഎന്‍ വ്യക്തമാക്കുന്നു. അക്രമം വീണ്ടും ശക്തമായതോടെ നിരവധി യമന്‍ പൗരന്മാര് രാജ്യത്തിന് പുറത്തേക്ക് പലായനം ചെയ്യുകയാണ്. സെപ്റ്റംബര്‍ 10നും 21നും ഇടയില്‍ 3,500ലധികം പേര് കടല്‍മാര്‍ഗം ജിബൂത്തിയിലേക്ക് അപകടകരമായ യാത്ര നടത്തിയതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു. കൂടുതല്‍ പേര് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണെന്നും യുഎന്‍ വ്യക്തമാക്കി. സിവിലിയന്മാരെയും ആംബുലന്‍സുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും, സുരക്ഷ തേടി പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കണമെന്നും യുഎന്‍ സംഘര്‍ഷത്തിലെ എല്ലാ കക്ഷികളോടും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധമുഖത്തും കുട്ടികള്‍
യമനില്‍ സര്‍ക്കാര്‍ സേനക്കെതിരായ പുതിയ ആക്രമണങ്ങളില്‍ കുട്ടികളെ നിര്‍ബന്ധിതമായി റിക്രൂട്ട് ചെയ്ത് യുദ്ധമുഖത്തേക്ക് അയയ്ക്കുന്നതായി ഇറാന് പിന്തുണയുള്ള ഹൂതി വിഭാഗത്തിനെതിരെ സിവില്‍ സൊസൈറ്റി സംഘടനകള്‍ പറയുന്നു. ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സംഘടനകള്‍ ആരോപണം ഉന്നയിച്ചത്. തായിസ്, ചെങ്കടല്‍ തീരപ്രദേശങ്ങള്‍, മാരിബ്, അല്‍ജൗഫ് എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന പോരാട്ടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുദ്ധസേനയില് കണ്ടെത്തിയതായും പിടികൂടിയതായും സംഘടനകള്‍ പറഞ്ഞു. കുട്ടികളെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കുകയും യുദ്ധമുഖത്തേക്ക് അയയ്ക്കുകയും ചെയ്യുന്നത് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണെന്നും യുദ്ധക്കുറ്റമായി കണക്കാക്കാവുന്ന ഗുരുതരമായ ലംഘനമാണെന്നും സംഘടനകള്‍ വ്യക്തമാക്കിയെങ്കിലും അതൊന്നും പ്രായോഗിക തലത്തില്‍ നടപ്പാവുന്നില്ല.