സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഈജിപ്ഷ്യന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റും. സൗദി അറേബ്യന്‍ വിമാനക്കമ്പനിയായ ‘ഫ്ളൈ നാസി’ല്‍ ജോലി ചെയ്തിരുന്ന അസ്സ റംസി മുഹമ്മദ് ഹസ്സന് (28) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസ്സ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമാണ് കൊല്ലപ്പെട്ടത്. മരണപ്പെട്ട വിദേശികളില്‍ ബംഗ്ലാദേശ് (രണ്ടുപേര്‍), ഈജിപ്ത്, അമേരിക്ക, ജോര്‍ദാന്‍, സിറിയ, ഫലസ്തീന്, സുഡാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ 309 പേരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വിമാനത്താവളത്തിന് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഭീകരാക്രമണമാണിതെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന കുറ്റപ്പെടുത്തി. അന്താരാഷ്ട്ര മാനുഷിക നിയമ തത്ത്വങ്ങളുടെ നഗ്നമായ ലംഘനവും യുദ്ധക്കുറ്റവുമാണ് നടന്നതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.