സൗദിയില്‍ ഒരാഴ്ചക്കിടെ 11,587 നിയമലംഘനങ്ങള്‍ കണ്ടെത്തി; 9,589 പേരെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 11,587 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമലംഘകരായ 9,589 വിദേശികളെ ഇതിനകം നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 6,043 എണ്ണം താമസാനുമതിയുമായി ബന്ധപ്പെട്ടവയാണ്. 3,191 എണ്ണം അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനവും 2,353 എണ്ണം തൊഴില്‍ നിയമലംഘനങ്ങളുമാണ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,678 പേരെ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 18 പേരെയും പിടികൂടി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുക, താമസിക്കാന്‍ ഇടം നല്‍കുക, ജോലി നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 29 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ആകെ 41,106 വിദേശികള്‍ക്കെതിരെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരില്‍ 38,813 പുരുഷന്മാരും 2,293 സ്ത്രീകളുമാണുള്ളത്.
ഇവരില്‍ 23,193 പേരോട് യാത്രാരേഖകള്‍ ലഭിക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. 9,139 പേരോട് രാജ്യം വിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കിയ 9,589 പേരെയാണ് ഇതിനകം നാടുകടത്തിയത്. അനധികൃതമായി സൗദിയിലേക്ക് ആളുകളെ കടത്തുക, രാജ്യത്തിനകത്ത് അവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുക, താമസിക്കാന്‍ ഇടം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്തുലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിയമലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അവര്‍ക്ക് താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളും കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഗുരുതരമായ കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റു മേഖലകളില്‍ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കാം.